India

ദിണ്ടിഗലില്‍ സ്ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം

ദിണ്ടിഗലില്‍ സ്ഫോടനത്തില്‍ മലയാളി കൊല്ലപ്പെട്ടു; മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം
X

ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ സ്ഫോടനത്തില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കള്‍ കണ്ടെത്തി. മൃതദേഹത്തില്‍നിന്ന് ജലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി. നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്‍.ഐ.എ. സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തമിഴ്നാട്ടില്‍ മാവിന്‍തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു സാബു ജോണ്‍ എന്നാണ് വിവരം. ഒരു മാസം മുന്‍പാണ് ദിണ്ടിഗലിലേക്ക് പോയത്. ഒരാഴ്ചയായി ഇദ്ദേഹത്തെ ഫോണില്‍ ലഭ്യമായിരുന്നില്ല. സിരുമലൈ ചുരം റോഡിന്റെ 17-ാം വളവിന് സമീപമുള്ള സ്വകാര്യ എസ്റ്റേറ്റിലാണ് അഴുകിയ നിലയില്‍ മൃതദേഹവും സമീപത്ത് സ്ഫോടകവസ്തുക്കളും കണ്ടെത്തിയത്. പ്രദേശത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടത്.

തുടര്‍ന്ന്, വിവരം ദിണ്ടിഗല്‍ താലൂക്ക് പോലിസിനെ അറിയിച്ചു. പരിശോധന നടത്തുന്നതിനിടെ സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് മൂന്ന് പോലിസുകാര്‍ക്ക് നിസ്സാര പരിക്കേറ്റു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ പോലിസ് മേധാവി എ പ്രദീപ് സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ക്രൈം ബ്രാഞ്ചും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.




Next Story

RELATED STORIES

Share it