India

മഹാരാഷ്ട്ര: പട്ടികയില്‍ 44 ലക്ഷം വ്യാജവോട്ടര്‍മാരെന്ന് കോണ്‍ഗ്രസ്; നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മഹാരാഷ്ട്രയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് കോണ്‍ഗ്രസ് നേതൃത്വം ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയ്ക്ക് പരാതി നല്‍കിയത്.

മഹാരാഷ്ട്ര: പട്ടികയില്‍ 44 ലക്ഷം വ്യാജവോട്ടര്‍മാരെന്ന് കോണ്‍ഗ്രസ്; നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ 44 ലക്ഷം വ്യാജവോട്ടര്‍മാര്‍ കടന്നുകൂടിയിട്ടുണ്ടെന്ന ആരോപണവുമായി മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രംഗത്ത്. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മഹാരാഷ്ട്രയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് കോണ്‍ഗ്രസ് നേതൃത്വം ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയ്ക്ക് പരാതി നല്‍കിയത്. പരാതിയെക്കുറിച്ച് 15 ദിവസത്തിനകം അന്വേഷിച്ച് നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി കമ്മീഷണര്‍ അറിയിച്ചു. 2019 ജനുവരി 31നാണ് മഹാരാഷ്ട്രയില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. ആകെ 8,73,30,484 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 4,57,02,579 പുരുഷന്‍മാരും 4,16,25,819 സ്ത്രീകളും ഉള്‍പ്പെടും.

2,086 ട്രാന്‍സ്‌ജെന്‍ഡറുകളും വോട്ടര്‍പട്ടികയില്‍ ഇടംതേടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുള്ള ഒരുക്കങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ നേരിട്ട് പരിശോധിച്ചു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളില്‍ അദ്ദേഹം സംതൃപ്തിയും രേഖപ്പെടുത്തി. ഇത്തവണ മഹാരാഷ്ട്രയിലെ മുഴുവന്‍ പോളിങ് സ്‌റ്റേഷനുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിച്ചായിരിക്കും വോട്ടെടുപ്പ് നടത്തുകയെന്ന് അദ്ദേഹം മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയില്‍ 49,284 കേന്ദ്രങ്ങളിലായി ആകെ 95,473 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദായനികുതി വകുപ്പ് പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചു. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് 942 ഫ്‌ളൈയിങ് സ്‌ക്വാഡ്, 1,013 സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം, 705 വീഡിയോ സര്‍വയലന്‍സ് ടീം, 288 വീഡിയോ പരിശോധനാ ടീം എന്നിവയും സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it