India

സായിബാബയെ വെറുതെ വിട്ട വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍; വിധി റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

സായിബാബയെ വെറുതെ വിട്ട വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍; വിധി റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി
X

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ പ്രൊഫസര്‍ ജി എന്‍ സായിബാബയെ വെറുതെ വിട്ട ബോംബെ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രാ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി. ബോംബെ ഹൈക്കോടതിയുടെ വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാക്കാലുള്ള അഭ്യര്‍ത്ഥന കോടതി നിരസിച്ചു. കുറ്റവിമുക്തനാക്കിയ വിധി അടിയന്തരമായി മാറ്റാന്‍ സാധിക്കില്ലെന്നും മറിച്ച് ശിക്ഷിക്കപ്പെട്ടാല്‍ ആ ശിക്ഷ അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കേണ്ടതെന്നും ഹരജി തള്ളി സുപ്രീം കോടതി പറഞ്ഞു.

ജസ്റ്റിസ് ബി. ആര്‍ ഗവായ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടിങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. രണ്ട് തവണ കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ ആളെ തിരിച്ച് ജയിലില്‍ അടക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന താത്പര്യം അസാധാരണമാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. ബോംബെ ഹൈക്കോടതി വിധി പ്രഥമദൃഷ്ട്യാ യുക്തി സഹമാണെന്നും അതിനാല്‍ വിധി റദ്ദാക്കേണ്ട അടിയന്തര സാഹചര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവാണ് മഹാരാഷ്ട്രാ സര്‍ക്കാറിന് വേണ്ടി ഹാജരായത്.

കേസില്‍ കഴിഞ്ഞ ആഴ്ചയാണ് സായിബാബ ഉള്‍പ്പെടെ അഞ്ച് പേരെ ബോംബെ ഹൈക്കോടതി വെറുതെവിട്ടത്. 2022ല്‍ ഇവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെ മഹാരാഷ്ട്ര കോടതി നല്‍കിയ ഹരജിയിലാണ് പ്രതികളെ വെറുതെ വിടാന്‍ ഹൈക്കോടതി വിധിച്ചത്. റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും പ്രസംഗങ്ങളുടെയും പേരില്‍ 2014ലായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധമുള്ള സംഘടനയാണ് ഇതെന്നായിരുന്നു ആരോപണം.

യു.എ.പി.എ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തിയായിരുന്നു ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ ഉള്‍പ്പെടെ പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2017ല്‍ പ്രത്യേക വിചാരണ കോടതി ഇവര്‍ക്ക് മേല്‍ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ജീവപര്യന്തം ഉള്‍പ്പെടെയുള്ള ശിക്ഷ വിധിച്ചിരുന്നു.

തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ സായിബാബ ഉള്‍പ്പെടെയുള്ള പ്രതികള്‍ അപ്പീല്‍ പോവുകയായിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

സുപ്രീം കോടതി കേസ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന് കൈമാറുകയായിരുന്നു. ശരീരം തളര്‍ന്ന ജി.എന്‍. സായിബാബയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നത് ഉള്‍പ്പെടെ കേസില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുവെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. വിചാരണക്കിടയില്‍ പ്രതികളില്‍ ഒരാള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് മരണപ്പെടുകയും ചെയ്തിരുന്നു.


Next Story

RELATED STORIES

Share it