India

മിസോറാം, മധ്യപ്രദേശ് തിരഞ്ഞെടുപ്പ് നാളെ

മിസോറാമില്‍ വീണ്ടും അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ലാല്‍ തന്‍ഹാവാല.

മിസോറാം, മധ്യപ്രദേശ്   തിരഞ്ഞെടുപ്പ് നാളെ
X

ന്യൂഡല്‍ഹി: മിസോറാമിലും മധ്യപ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പ് നാളെ. മിസോറാമില്‍ വീണ്ടും അധികാരത്തിലെത്താനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ലാല്‍ തന്‍ഹാവാല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദം അലങ്കരിച്ച വ്യക്തിയുമാണ് തന്‍ഹാവാല. എന്നാല്‍ വടക്കുകിഴക്കന്‍ മേഖലയിലെ തങ്ങളുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. 10 ലക്ഷം ജനസംഖ്യയുള്ള മിസോറാമില്‍ 40 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും മിസോറാം നാഷനല്‍ പാര്‍ട്ടിയും 40 സീറ്റിലും ബിജെപി 39 സീറ്റിലുമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. ഏതാണ്ട് 7.70 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി തന്‍ഹാവാല പറഞ്ഞു. ചരിത്രത്തിലാദ്യമായി എല്ലാ പോളിങ് ബൂത്തുകളും വയര്‍ലെസ് സംവിധാനത്തിലൂടെ ബന്ധിപ്പിച്ചാണ് സംസ്ഥാനത്തു തിരഞ്ഞടുപ്പ് നടത്തുന്നത്. വോട്ടെടുപ്പ് നടപടികള്‍ തല്‍സമയം നിരീക്ഷിക്കാനും സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിനുമാണ് വയര്‍ലെസ് സംവിധാനത്തിലൂടെ പോളിങ് ബൂത്തുകളെ ബന്ധിപ്പിച്ചിരിക്കുന്നതെന്ന് മിസോറാം ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് ജോസഫ് ലാല്‍ ചുവാന പറഞ്ഞു. എല്ലാ ബൂത്തുകളുമായും നേരിട്ടു ബന്ധപ്പെടാന്‍ സാധിക്കാത്തത് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് ഇത്തവണ നേരത്തേ നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നും ചുവാന പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഭരണം തുടരാനാവുമെന്നാണ് പ്രതീക്ഷയെന്നും തിരെഞ്ഞടുപ്പുഫലത്തെ കുറിച്ച് യാതൊരു ആശങ്കയുമില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. തങ്ങളുടെ പ്രചാരണയോഗങ്ങളിലെ സാധാരണക്കാരുടെ വന്‍ പങ്കാളിത്തം 2008ലും 2013ലുമുള്ളതിനേക്കാള്‍ വലിയ വിജയം നല്‍കുമെന്നാണ് പ്രതീക്ഷ നല്‍കുന്നതെന്ന് ചൗഹാന്‍ പറഞ്ഞു. 230 നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അടക്കമുള്ള കേന്ദ്രനേതാക്കള്‍ പ്രചാരണത്തിനെത്തിയിരുന്നു. അതേസമയം, ഭരണവിരുദ്ധ വികാരം തങ്ങളെ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. ഇക്കുറി കടുത്ത പോരാട്ടം നടക്കുമെന്നും ബിജെപിക്ക് സീറ്റുകള്‍ കുറയുമെന്നും അഭിപ്രായ വോട്ടെടുപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു.




Next Story

RELATED STORIES

Share it