India

മഅ്ദനി ആശുപത്രി വിട്ടു; കോടതിയില്‍ ഹാജരാവുന്നതില്‍ ഇളവുതേടി അപേക്ഷ നല്‍കും

ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികില്‍സകള്‍ തുടരാനും പരിശോധനയില്‍ കണ്ടെത്തിയ മറ്റ് അസുഖങ്ങള്‍ക്കുള്ള ചികില്‍സകള്‍ ക്രമാനുഗതമായി നടത്തണമെന്നും അല്‍ഷിഫാ ഹോസ്പിറ്റലിലെ വിവിധ മെഡിക്കല്‍ ഡിപാര്‍ട്ടുമെന്റുകളിലെ ഡോക്ടര്‍മാരുടെ സംഘം നിര്‍ദേശിച്ചു.

മഅ്ദനി ആശുപത്രി വിട്ടു; കോടതിയില്‍ ഹാജരാവുന്നതില്‍ ഇളവുതേടി അപേക്ഷ നല്‍കും
X

പി സി അബ്ദുല്ല

ബംഗളൂരു: ഉയര്‍ന്ന രക്തസമ്മര്‍ദവും കഠിനമായ ഛര്‍ദിയെയും തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ബംഗളൂരുവിലെ അല്‍ഷിഫാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ഡിസ്ചാര്‍ജ് ചെയ്തു. മഅ്ദനിയെ എംആര്‍ഐ സ്‌കാന്‍, വിവിധ അവയവങ്ങളുടെ സിടി സ്‌കാന്‍, ഹൃദയസംബന്ധമായ പരിശോധനകള്‍, വിവിധ രക്തപരിശോധനകള്‍ എന്നിവയ്ക്ക് വിധേയമാക്കിയിരുന്നു. അതേസമയം, ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ പങ്കെടുക്കാന്‍ ആരോഗ്യതസ്ഥിതി അനുവദിക്കാത്തതിനാല്‍ മെഡിക്കല്‍ ഡിസ്ചര്‍ജ് സമ്മറി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കോടതിയെ ധരിപ്പിച്ച് ഇളവുനേടാന്‍ മഅ്ദനിയുടെ അഭിഭാഷകര്‍ അടുത്ത ദിവസം അപേക്ഷ നല്‍കും.

30 വര്‍ഷത്തോളമായി പ്രമേഹരോഗിയായതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശരിരത്തിലെ പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇടയ്ക്കിടെ ക്രമാതീതമായി ഉയരുന്ന രക്തസമ്മര്‍ദം മൂലം അവയവങ്ങള്‍ക്ക് തകരാറ് സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിശ്രമവും ആയാസരഹിതമായ ജീവിതക്രമവും നിരന്തരമായി കോടതിയില്‍ ദീര്‍ഘസമയം ഹാജരാവുന്നതില്‍നിന്ന് ഒഴിവാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വൃക്കകള്‍ക്ക് വീക്കവും കല്ലുകളും പരിശോധനയില്‍ കണ്ടെത്തി. ഡയബറ്റിക് ന്യൂറോപതി മൂലം ശരീരത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനശേഷിയില്‍ കാര്യമായ തകരാറ് സംഭവിച്ചു. സ്പര്‍ശനശേഷിയിലും കുറവ് സംഭവിച്ചിട്ടുണ്ട്.

മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികില്‍സകളുടെ സാധ്യത അവസാനിച്ചതിനാല്‍ ഉടന്‍ പ്രോസ്‌റ്റേറ്റിന് സര്‍ജിറി നടത്താനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പെപ്റ്റിക് അള്‍സര്‍,ഡയബറ്റിക് റെറ്റിനോപതി, വൃക്കസംബന്ധമായ മറ്റ് അസുഖങ്ങള്‍, യൂറിക് ആസിഡ്, ഡിസ്‌ക് പ്രൊലാപ്‌സ് തുടങ്ങിയ അസുഖങ്ങള്‍ നിലവില്‍ മഅ്ദനിയെ അലട്ടുന്നുണ്ട്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചികില്‍സകള്‍ തുടരാനും പരിശോധനയില്‍ കണ്ടെത്തിയ മറ്റ് അസുഖങ്ങള്‍ക്കുള്ള ചികില്‍സകള്‍ ക്രമാനുഗതമായി നടത്തണമെന്നും അല്‍ഷിഫാ ഹോസ്പിറ്റലിലെ വിവിധ മെഡിക്കല്‍ ഡിപാര്‍ട്ടുമെന്റുകളിലെ ഡോക്ടര്‍മാരുടെ സംഘം നിര്‍ദേശിച്ചു. ഉച്ചയോടെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായ പിഡിപി ചെയര്‍മാന്‍ ബംഗളൂരുവില്‍തന്നെയുള്ള വസതിയിലാണ് ഇപ്പോള്‍ കഴിയുന്നത്. ഭാര്യ സൂഫിയ മഅ്ദനി, അനുജന്‍ സിദ്ദീഖ്, മകന്‍ സലാഹുദ്ദീന്‍ അയ്യൂബി, പിഡിപി നേതവ് മുഹമ്മദ് റജീബ്, സഹായികളായ സിദ്ദീഖ്, ഷാനി എന്നിവരും ഒപ്പമുണ്ട്.

Next Story

RELATED STORIES

Share it