India

ലോക്ക് ഡൗണ്‍: 2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടപടികള്‍ പുനരാരംഭിച്ച് യുപിഎസ് സി

ശേഷിക്കുന്ന ഇന്റര്‍വ്യൂ 2020 ജൂലൈ 20 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിക്കുകയും ഉദ്യോഗാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തതായി കമ്മീഷന്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍, വിദഗ്ധര്‍, കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആരോഗ്യസുരക്ഷയെ മുന്‍നിര്‍ത്തി അനുയോജ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍: 2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടപടികള്‍ പുനരാരംഭിച്ച് യുപിഎസ് സി
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച 2019 ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ ഇന്റര്‍വ്യൂ നടപടികള്‍ പുനരാരംഭിച്ചു. ശേഷിക്കുന്ന ഇന്റര്‍വ്യൂ 2020 ജൂലൈ 20 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിക്കുകയും ഉദ്യോഗാര്‍ഥികളെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തതായി കമ്മീഷന്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍, വിദഗ്ധര്‍, കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ആരോഗ്യസുരക്ഷയെ മുന്‍നിര്‍ത്തി അനുയോജ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാവാത്ത സാഹചര്യത്തില്‍ ഒറ്റത്തവണത്തേക്ക് മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇരുഭാഗത്തേക്കുമുള്ള ഏറ്റവും കുറഞ്ഞ എയര്‍ ടിക്കറ്റ് നിരക്ക് നല്‍കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. പേഴ്‌സനാലിറ്റി ടെസ്റ്റിനുള്ള ഇലക്ട്രോണിക് കോള്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ള ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണമേഖലയിലൂടെയുള്ള സഞ്ചാരം അനുവദിക്കണമെന്ന് സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഉദ്യോഗാര്‍ഥികളുടെ താമസം, ഗതാഗതസൗകര്യം എന്നിവയ്ക്കും യുപിഎസ്സി സഹായിക്കുന്നുണ്ട്. കമ്മീഷന്‍ ഓഫിസിലെത്തിക്കഴിഞ്ഞാല്‍ ഉടന്‍ എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും ഫെയ്‌സ് മാസ്‌ക്, ഫേസ് ഷീല്‍ഡ്, സാനിറ്റൈസര്‍, ഹാന്‍ഡ് ഗ്ലൗസ് എന്നിവ അടങ്ങിയ സീല്‍ചെയ്ത കിറ്റ് നല്‍കും. ഇന്റര്‍വ്യൂ നടത്താന്‍ നിയോഗിക്കപ്പെട്ട കമ്മീഷന്‍ അംഗങ്ങള്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. മുറികള്‍, ഹാളുകള്‍, ഫര്‍ണിച്ചര്‍ മറ്റുപകരണങ്ങള്‍ എന്നിവയെല്ലാം തുടര്‍ച്ചയായി അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എല്ലാ കേന്ദ്രങ്ങളിലും ഉദ്യോഗാര്‍ഥികള്‍ക്ക് ശാരീരിക അകലം ഉറപ്പാക്കിക്കൊണ്ടുള്ള ഇരിപ്പിടക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. 2,304 ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കൊവിഡ് 19 പ്രതിരോധനടപടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതെത്തുടര്‍ന്ന് കമ്മീഷന്‍ തല്‍സ്ഥിതി വിലയിരുത്തുകയും 623 ഉദ്യോഗാര്‍ഥികളുടെ 2020 മാര്‍ച്ച് 23 മുതലുള്ള ഇന്റര്‍വ്യൂ മാറ്റിവയ്ക്കുകയുമായിരുന്നു. ലോക്ക് ഡൗണ്‍ ക്രമേണ പിന്‍വലിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്റര്‍വ്യൂ നടപടികള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it