India

കത്‌വ കൂട്ടബലാല്‍സംഗക്കൊല: മുഖ്യപ്രതിയായ ക്ഷേത്രപൂജാരിയുടെ പരോള്‍ അപേക്ഷ ഹൈക്കോടതി തള്ളി

മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എട്ടാഴ്ച പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സാന്‍ജി റാം ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.

കത്‌വ കൂട്ടബലാല്‍സംഗക്കൊല: മുഖ്യപ്രതിയായ ക്ഷേത്രപൂജാരിയുടെ പരോള്‍ അപേക്ഷ ഹൈക്കോടതി തള്ളി
X


ഛണ്ഡിഗഡ്: ജമ്മു കശ്മീരിലെ കത്‌വയില്‍ എട്ടുവയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതിന് ശിക്ഷിച്ച മുഖ്യപ്രതിയായ ക്ഷേത്രപൂജാരിയുടെ പരോള്‍ അപേക്ഷ ഹൈക്കോടതി തള്ളി. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ക്ഷേത്രത്തിലെ പൂജാരിയായ വി സാന്‍ജി റാമിന്റെ പരോള്‍ അപേക്ഷയാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി നിരസിച്ചത്. മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എട്ടാഴ്ച പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സാന്‍ജി റാം ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.

വിവാഹത്തില്‍ പങ്കെടുക്കാനായി പ്രതിക്ക് പരോള്‍ അനുവദിച്ചാല്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരില്‍ സമുദായ സംഘട്ടനങ്ങളും പ്രതിഷേധങ്ങളുമുണ്ടാവുമോയെന്ന് ആശങ്കയുണ്ടെന്ന് കോടതി ജസ്റ്റിസ് എസ് മുരളീധര്‍, ജസ്റ്റിസ് അവ്‌നീഷ് ജിംഗന്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. പരോള്‍ നല്‍കിയാലുണ്ടാവുന്ന ക്രമസമാധാനപ്രശ്‌നങ്ങളും പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് അപേക്ഷ അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

മറ്റൊരു ഗ്രാമത്തിലായിരുന്ന ഇരയുടെ കുടുംബം റസാന ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്നും അവിടെത്തന്നെയാണ് സാന്‍ജി റാമിന്റെ മകന്റെ വിവാഹം നടക്കുന്നതെന്നും 2020 ഒക്ടോബര്‍ 31 ന് ജമ്മുവിലെ ക്രൈംബ്രാഞ്ച് സീനിയര്‍ പോലിസ് സൂപ്രണ്ട് ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി പ്രതിയുടെ ഹരജി തള്ളിയത്. ഹരജിക്കാരനുവേണ്ടി അഡ്വ. സോണ്‍പ്രീത് സിങ് ബ്രാര്‍ ഹാജരായി.

മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ എസ് ചീമ, അര്‍ഷദീപ് സിങ് ചീമ, എച്ച് എസ് ഗ്രേവാള്‍, പഞ്ചാബ് അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ ഗ്രേവല്‍ എന്നിവര്‍ എതിര്‍ഭാഗത്തിന് വേണ്ടി ഹാജരായി. കേസിലെ ഒന്നാം പ്രതിയും പെണ്‍കുട്ടിയെ ബന്ധിച്ച് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ക്ഷേത്രത്തിലെ പൂജാരിയുയമായ സാന്‍ജി റാം, ഹീരാനഗര്‍ പോലിസ് സ്‌റ്റേഷിലെ സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍ ദീപക് കജൂരിയ, പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ സുഹൃത്ത് പര്‍വേശ് കുമാര്‍ എന്നിവര്‍ക്ക് കോടതി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. കൂട്ടബലാല്‍സംഗക്കേസില്‍ പ്രധാന പ്രതികള്‍ക്ക് മറ്റൊരു 25 വര്‍ഷം കൂടിയും തടവ് വിധിക്കുകയുണ്ടായി.

Next Story

RELATED STORIES

Share it