India

വായ്പ നിഷേധിച്ചു; കര്‍ണാടയില്‍ യുവാവ് ബാങ്കിന് തീയിട്ടു

വായ്പ നിഷേധിച്ചു; കര്‍ണാടയില്‍ യുവാവ് ബാങ്കിന് തീയിട്ടു
X

ബംഗളൂരു: വായ്പാ അപേക്ഷ നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് ബാങ്കിന് തീയിട്ടു. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവമുണ്ടായത്. റാട്ടിഹള്ളി ടൗണില്‍ താമസിക്കുന്ന വസീം ഹസരത്‌സാബ് മുല്ല (33) യാണ് കൃത്യം ചെയ്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 436, 477, 435 വകുപ്പുകള്‍ പ്രകാരം കാഗിനെല്ലി പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലിസ് അറിയിച്ചു. കാഗിനെലെ പോലിസിന്റെ അധികാരപരിധിയില്‍ ഹെഡുഗൊണ്ട വില്ലേജില്‍ സ്ഥിതിചെയ്യുന്ന കാനറാ ബാങ്ക് ശാഖയില്‍നിന്ന് വായ്പയെടുക്കാന്‍ മുല്ല അപേക്ഷ സമര്‍പ്പിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍, രേഖകള്‍ പരിശോധിച്ചതിന് ശേഷം സിബില്‍ സ്‌കോര്‍ കുറവായതിനാല്‍ ബാങ്ക് അപേക്ഷ നിരസിച്ചു. ഇതില്‍ പ്രകോപിതനായ മുല്ല ശനിയാഴ്ച രാത്രി ബാങ്കിന്റെ ശാഖയിലെത്തി. ജനല്‍ തകര്‍ത്ത് ബാങ്കിന്റെ ഓഫിസിനുള്ളില്‍ പെട്രോള്‍ ഒഴിച്ചു. തുടര്‍ന്ന് ഓഫിസിന് തീയിട്ടു. വഴിയാത്രക്കാര്‍ ബാങ്കില്‍നിന്ന് പുക ഉയരുന്നത് കണ്ട് പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. തീപ്പിടിത്തത്തില്‍ 12 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി പോലിസ് പറഞ്ഞു. അഞ്ച് കംപ്യൂട്ടറുകള്‍, ഫാനുകള്‍, ലൈറ്റുകള്‍, പാസ്ബുക്ക് പ്രിന്റര്‍, നോട്ടെണ്ണുന്ന യന്ത്രം, രേഖകള്‍, സിസിടിവികള്‍, കാഷ് കൗണ്ടറുകള്‍ എന്നിവ നശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it