India

സസ്പെന്‍ഷന് പിന്നാലെ കെ കവിത ബിആര്‍എസ് വിട്ടു

സസ്പെന്‍ഷന് പിന്നാലെ കെ കവിത ബിആര്‍എസ് വിട്ടു
X

ഹൈദരാബാദ്: ബിആര്‍എസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ കെ കവിത പാര്‍ടി വിട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഭാരത് രാഷ്ട്ര സമിതി കെ കവിതയെ പാര്‍ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. ബുധനാഴ്ച എംഎല്‍സി സ്ഥാനം രാജിവച്ചതായി കെ കവിത പ്രഖ്യാപിച്ചു. സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി.

ചൊവ്വാഴ്ച മകള്‍ കെ കവിതയെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ബിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവുവാണ് അറിയിച്ചത്. പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് ഭാരത് രാഷ്ട്ര സമിതി എംഎല്‍സി കൂടിയായ കല്‍വകുന്തള കവിതയെ സസ്പെന്‍ഡ് ചെയ്ത്.

പാര്‍ടി എംഎല്‍എയായ കെ കവിതയുടെ സമീപകാലത്തെ പെരുമാറ്റങ്ങളും അവര്‍ നടത്തുന്ന തുടര്‍ച്ചയായ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിന് ദോഷകരമാണെന്നതിനാല്‍ പാര്‍ടി ഈ വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കെ സി ആര്‍ വിശദീകരിച്ചു.

കുറച്ചുകാലമായി പാര്‍ടിയ്‌ക്കെതിരെയും പാര്‍ടിയിലെ ഉന്നതര്‍ക്കെതിരെയും നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് കവിത നേതൃത്വത്തിന്റെ അപ്രീതിക്ക് പാത്രമായിരുന്നു. മുന്‍ ജലസേചന മന്ത്രി ഹരീഷ് റാവു, മുന്‍ എംപി സന്തോഷ് കുമാര്‍ എന്നിവര്‍ക്കെതിരെയും ഒപ്പം പാര്‍ടി സഹപ്രവര്‍ത്തകര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമെതിരെയും കവിത കഴിഞ്ഞ ദിവസവും ഗുരുതരമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. ഇതിന് തൊട്ട് പിന്നാലെയായിരുന്നു നടപടി.

പല കാര്യങ്ങളിലും പാര്‍ടി മൗനം പാലിക്കുകയാണെന്ന് ആരോപിച്ച് കവിത നേരത്തേ പിതാവും പാര്‍ടി നേതാവുമായ കെസിആറിന് കത്തെഴുതിയിരുന്നു. സഹോദരന്‍ കെടിആറിന്റെ നേതൃത്വത്തെ കവിത പരസ്യമായി ചോദ്യം ചെയ്തത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി. തെലങ്കാന ജാഗ്രതിയുടെ പുതിയ ഓഫീസ് കവിത ആരംഭിച്ചത് ബിആര്‍എസുമായി അകലുകയാണെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടുകയും ചെയ്തിരുന്നു.





Next Story

RELATED STORIES

Share it