India

ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തളളി; 'രണ്ടില' ചിഹ്‌നം ജോസ് പക്ഷത്തിന്

മൂന്നംഗസമിതിയിലെ രണ്ടംഗങ്ങള്‍ ജോസ് പക്ഷത്തിന് അനുകൂലമായി വിധിച്ചു. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് വിളിക്കാന്‍ കഴിയൂ എന്നായിരുന്നു ഭൂരിപക്ഷ വിധി.

ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തളളി; രണ്ടില ചിഹ്‌നം ജോസ് പക്ഷത്തിന്
X

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസി (എം) ലെ ചിഹ്‌നത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി. രണ്ടില ചിഹ്‌നം കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിനാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തളളിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. വിധി നടപ്പാവുന്നതോടെ എംഎല്‍എമാരായ ജോസഫും ഇവരുടെ കൂടെയുള്ള മറ്റ് ജനപ്രതിനിധികളും അയോഗ്യരാവും. ഒരു കമ്മീഷന്‍ അംഗത്തിന്റെ വിയോജിപ്പോട് കൂടിയാണ് തീരുമാനം.

മൂന്നംഗസമിതിയിലെ രണ്ടംഗങ്ങള്‍ ജോസ് പക്ഷത്തിന് അനുകൂലമായി വിധിച്ചു. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് വിളിക്കാന്‍ കഴിയൂ എന്നായിരുന്നു ഭൂരിപക്ഷ വിധി. രണ്ടുവിഭാഗത്തെയും കേരള കോണ്‍ഗ്രസ് (എം) ആയി കണക്കാക്കാന്‍ കഴിയില്ല എന്നതായിരുന്നു അശോക് ലവാസയുടെ ന്യൂനപക്ഷ വിധി. വിധിയെ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി സ്വാഗതം ചെയ്തു.

ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. മാണിസാര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെയും പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച ശക്തികള്‍ക്കുള്ള തിരിച്ചടിയാണിത്. ഓരോ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്നും ജോസ് കെ മാണി പറഞ്ഞു. ചിഹ്‌നത്തിലൊന്നും വലിയ കാര്യമില്ലെന്നാണ് പി ജെ ജോസഫിന്റെ ആദ്യപ്രതികരണം. അപ്പീല്‍ പോവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it