India

ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധനയ്ക്കെത്തി മടങ്ങുമ്പോഴാണ് ഐഷി കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്.

ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു
X

തിരുവനന്തപുരം: ജെഎന്‍യു കാമ്പസില്‍ എബിവിപി ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പരിശോധനയ്ക്കെത്തി മടങ്ങുമ്പോഴാണ് ഐഷി കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി ഡോ.എ സമ്പത്തും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ആക്രമണത്തിന്റെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. തലയും കാലും ലക്ഷ്യമിട്ടുള്ള ആക്രമണം പലയിടത്തും ആര്‍എസ്എസിന്റെ പതിവുരീതിയാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സഫ്ദര്‍ ഹശ്മിയെപ്പറ്റി സുധാന്‍വ ദേശ്പാണ്ഡേ രചിച്ച ഹല്ലാബോല്‍ എന്ന പുസ്തകം മുഖ്യമന്ത്രി ഐഷിക്ക് സമ്മാനിച്ചു. തുടര്‍ന്നുള്ള പോരാട്ടങ്ങള്‍ക്കും ആശംസ അറിയിച്ചാണ് ജെഎന്‍യുവിന്റെ പോരാളിയെ മുഖ്യമന്ത്രി യാത്രയാക്കിയത്. കേരളത്തിലെ ജനങ്ങളും സര്‍ക്കാരും ജെഎന്‍യു സമരത്തിനു നല്‍കുന്ന പിന്തുണയ്ക്ക് ഐഷി നന്ദി പറഞ്ഞു.

എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണന്‍, ജെഎന്‍യുവിലെ അക്രമത്തില്‍ പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി നിഖില്‍ എന്നിവരും ഐഷിക്കൊപ്പം ഉണ്ടായിരുന്നു.

Next Story

RELATED STORIES

Share it