India

ഐഎന്‍എക്‌സ് മീഡിയാ കേസ്: ചിദംബരം തിങ്കളാഴ്ച ഹാജരാവണമെന്ന് പ്രത്യേക സിബിഐ കോടതി

തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് കോടതിയില്‍ ഹാജരാവണമെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി അജയ്കുമാര്‍ കുഹാറാണ് ഉത്തരവിട്ടത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്.

ഐഎന്‍എക്‌സ് മീഡിയാ കേസ്: ചിദംബരം തിങ്കളാഴ്ച ഹാജരാവണമെന്ന് പ്രത്യേക സിബിഐ കോടതി
X

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാവണമെന്ന് നിര്‍ദേശം. ഇതുസംബന്ധിച്ച് ചിദംബരത്തിന് കോടതി സമന്‍സ് അയച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് കോടതിയില്‍ ഹാജരാവണമെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി അജയ്കുമാര്‍ കുഹാറാണ് ഉത്തരവിട്ടത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്.

ഷെല്‍ കമ്പനികള്‍ രൂപീകരിച്ചും 17 ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചും വിദേശത്തുനിന്ന് പണം തട്ടാന്‍ ശ്രമിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നതിന് ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു. പ്രതിയെ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിടുന്നതിന് സുപ്രിംകോടതിയുടെ നിരീക്ഷണങ്ങളും തുഷാര്‍ മേത്ത വാദത്തിനിടെ ഉദ്ധരിച്ചു. ഐഎന്‍എക്‌സ് മീഡിയക്ക് വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ചിദംബരം അറസ്റ്റിലായത്. ചിദംബരം ധനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് അനധികൃതമായി 305 കോടി രൂപ നിക്ഷേപമായി വാങ്ങിയെന്നാണ് ആരോപണം. ആഗസ്ത് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റുചെയ്യുന്നത്.

രണ്ടാഴ്ചയോളം കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷം സപ്തംബര്‍ 5ന് തിഹാര്‍ ജയിലിലേക്ക് അയച്ചു. ചിദംബരം ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ഇഡിയും സിബിഐയും നേരത്തെ ആരോപിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കന്‍ സാധ്യതയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ എതിര്‍ത്തത്. അതിനിടെ, എയര്‍സെല്‍ മാക്‌സിസ് കേസില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റേറ്റ് (ഇഡി) വെള്ളിയാഴ്ച രാവിലെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡല്‍ഹിയിലെ റോസ് അവന്യൂ പ്രത്യേക കോടതിയാണ് ചിദംബരത്തിന് എയര്‍സെല്‍ മാക്‌സിസ് കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നത്.

Next Story

RELATED STORIES

Share it