India

ബലാല്‍സംഗക്കേസ്: മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ ഒളിവില്‍തന്നെ; സഹോദരനെ ചോദ്യം ചെയ്ത് പോലിസ്

ബലാല്‍സംഗക്കേസ്: മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ ഒളിവില്‍തന്നെ; സഹോദരനെ ചോദ്യം ചെയ്ത് പോലിസ്
X

ഭോപാല്‍: ബലാല്‍സംഗക്കേസില്‍ പ്രതിയായ മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ ആറുമാസത്തോളമായി ഒളിവില്‍തന്നെ കഴിയുന്ന സാഹചര്യത്തില്‍ സഹോദരനെ പോലിസ് ചോദ്യം ചെയ്തു. മധ്യപ്രദേശ് കോണ്‍ഗ്രസ് എംഎല്‍എ മുരളി മോര്‍വാളിന്റെ മൂത്തമകന്‍ കരണ്‍ മോര്‍വാളിനെതിരേയാണ് പീഡനക്കേസ്. കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ എംഎല്‍എയുടെ മകന്‍ ആറ് മാസത്തിലേറെയായി ഒളിവിലാണെന്ന് പോലിസ് പറയുന്നു. കരണ്‍ മോര്‍വാള്‍ എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്ന് അറിയുന്നതിന് വേണ്ടിയാണ് ഇളയ സഹോദരന്‍ ശിവനെ ഇന്‍ഡോര്‍ പോലിസ് ചോദ്യംചെയ്തത്.

ഇന്‍ഡോറിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വനിതാ പ്രവര്‍ത്തകയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായ കരണ്‍ മോര്‍വാളിനെ അറസ്റ്റ് ചെയ്യാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് വനിതാ പോലിസ് സ്‌റ്റേഷന്റെ ചുമതലയുള്ള ജ്യോതി ശര്‍മ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, ഞങ്ങള്‍ക്ക് അദ്ദേഹത്തെ കണ്ടെത്താനായില്ല. ഞങ്ങള്‍ പ്രതിയുടെ സഹോദരനെ ചോദ്യം ചെയ്യാനായി കൊണ്ടുവന്നു. പ്രതിയെ ഞങ്ങള്‍ ഉടന്‍തന്നെ അറസ്റ്റ് ചെയ്യും.

പ്രതിയുടെ താമസസ്ഥലം, ഫാം ഹൗസ്, മറ്റ് സ്ഥലങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനുള്ള പാരിതോഷികം 5,000 രൂപയില്‍നിന്ന് 15,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. പോലിസിന് ഒരു രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഒരു സ്ഥലത്ത് റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാള്‍ എവിടെയാണെന്ന് അറിയാവുന്നതിനാലാണ് ഇളയ സഹോദരനെ ചോദ്യം ചെയ്യാനായി കൊണ്ടുവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് എംഎല്‍എയും പോലിസ് സ്‌റ്റേഷനിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

Next Story

RELATED STORIES

Share it