India

കോണ്‍ഗ്രസില്‍ രാജി തുടരുന്നു; യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ പദവിയൊഴിഞ്ഞു

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് കേശവ് വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ രാജി തുടരുന്നു; യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ പദവിയൊഴിഞ്ഞു
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുന്നതുമായി ബന്ധപ്പെട്ട് നേതൃതലത്തില്‍ നടക്കുന്ന രാജിപരമ്പര തുടരുന്നു. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ കേശവ് ചന്ദ് യാദവ് രാജിവച്ചതാണ് ഒടുവിലത്തെ സംഭവം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ കനത്ത പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് കേശവ് വ്യക്തമാക്കി. ഇന്ത്യയുടെ ക്ഷേമത്തിനും വികസനത്തിനും രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച കാഴ്ചപ്പാടില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്ന് രാഹുല്‍ ഗാന്ധിക്കയച്ച കത്തില്‍ കേശവ് ചൂണ്ടിക്കാട്ടി.

സാമൂഹികപ്രവര്‍ത്തകനായിരുന്ന താന്‍ ആദ്യം ബ്ലോക്ക് തലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകനായും പിന്നീട് യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ പ്രസിഡന്റുതലം വരെയെത്തി. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ രാജിവയ്ക്കുകയാണ്. ഇനിയും കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമുള്ള പ്രവര്‍ത്തകനായി എന്നും താന്‍ ഒപ്പമുണ്ടാവുമെന്നും കത്തില്‍ കേശവ് കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലെ ദിയോറിയ ജില്ലയില്‍നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കേശവ് ചന്ദിനെ മെയ് അവസാനമാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി നിയമിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള രാജിക്കത്ത് രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചതിന് പിന്നാലെയാണ് കേശവും സ്ഥാനമൊഴിയുന്നതായി അറിയിച്ചത്.

Next Story

RELATED STORIES

Share it