India

രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി; പരാതിയുമായി ഭര്‍തൃമതി

രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി; പരാതിയുമായി ഭര്‍തൃമതി
X

ചെന്നൈ: ഗര്‍ഭിണിയായിരിക്കെ രക്തം സ്വീകരിച്ചപ്പോള്‍ എച്ച്‌ഐവി പകര്‍ന്നെന്ന ആരോപണവുമായി ഭര്‍തൃമതി രംഗത്ത്. കില്‍പൗക് മെഡിക്കല്‍ കോളജില്‍ നിന്നു രക്തം സ്വീകരിച്ചശേഷം എച്ച്‌ഐവി അണുബാധയുണ്ടായെന്നാണു ചെന്നൈ മാങ്കട സ്വദേശിനിയുടെ ആരോപണം. തമിഴ്‌നാട് വിരുദു നഗറില്‍ ഗര്‍ഭിണിക്ക് എച്ച്‌ഐവി രക്തം നല്‍കിയെന്നു സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെയാണ് വീണ്ടും ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തിയത്. ആരോപണം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും 30കാരി അവകാശപ്പെട്ടു.

ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലായിരുന്നുവെന്നും എംബിബിഎസിനു പഠിക്കുന്നവര്‍ പരിശോധന നടത്താതെയാണു രക്തം കയറ്റിയതെന്നും രണ്ടു മക്കളുടെ മാതാവായ യുവതി ആരോപിച്ചു. യുവതിയുടെ നാടായ മാങ്കാട്ടെ ആശുപത്രിയില്‍ ഗര്‍ഭധാരണത്തിനു നാലു മാസത്തിനു ശേഷം രക്തം പരിശോധിച്ചപ്പോള്‍ എച്ച്‌ഐവി നെഗറ്റീവായിരുന്നു. പിന്നീട് ഹീമോഗ്ലോബിന്റെ കുറവു കാരണം അഞ്ചാം മാസം കില്‍പോക്ക് മെഡിക്കല്‍ കോളജിലെത്തി രണ്ടു യൂനിറ്റ് രക്തം കയറ്റി. തുടര്‍ന്നുള്ള മാസങ്ങളിലാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. എട്ടാം മാസം രക്തം പരിശോധിച്ചപ്പോഴാണ് എച്ച്‌ഐവി പോസിറ്റീവ് എന്ന് കണ്ടെത്തിയത്. ഭര്‍ത്താവിന്റേത് നെഗറ്റീവാണ്. പ്രസവത്തിനു ശേഷം ദുരിതമേറി. ആദ്യമൊക്കെ സംഭവം രഹസ്യമാക്കി വച്ച കുടുംബക്കാര്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ല. ആരും വീട്ടിലേക്കു വരുന്നില്ല.

സാമൂഹികമായി ഒറ്റപ്പെട്ടു. തന്റെ മക്കള്‍ അനാഥരായി വളരുന്നതിനു സര്‍ക്കാര്‍ സഹായം ആവശ്യമായതിനാലാണ് ഇക്കാര്യം തുറന്നുപറയുന്നതെന്നും യുവതി പറഞ്ഞു. എന്നാല്‍ യുവതിയുടെ ആരോപണങ്ങള്‍ തെറ്റാണെന്നു കില്‍പോക് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it