India

ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കേസ് അസാധാരണവും ഞെട്ടലുളവാക്കുന്നതും: സുപ്രിംകോടതി

കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയലക്ഷ്യങ്ങളോടെയും നിക്ഷിപ്ത താല്‍പര്യങ്ങളോടെയും തെറ്റായ പല അഭ്യൂഹങ്ങളും വ്യാഖ്യാനങ്ങളും പ്രചരിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കേസ് അസാധാരണവും ഞെട്ടലുളവാക്കുന്നതും: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊലക്കേസ് അസാധാരണവും ഞെട്ടലുളവാക്കുന്നതുമാണെന്ന് സുപ്രിംകോടതി. കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 19കാരിയായ ദലിത് യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതും അസാധാരണവുമാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

കോടതി മേല്‍നോട്ടത്തില്‍ സിബിഐയോ പ്രത്യേക സംഘമോ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ സത്യമാ ദുബെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്ക് മാറ്റണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം ഭയാനകവും അസാധാരണവുമാണെന്ന് വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, കേസില്‍ സുഗമമായ അന്വേഷണം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. ഇരയുടെ കുടുംബത്തിന് പ്രത്യേക അഭിഭാഷകസഹായം ആവശ്യമാണോ എന്ന് അറിയിക്കണം.

കുടുംബം ആവശ്യപ്പെട്ടാല്‍ സീനിയറും ജൂനിയറുമായ പ്രഗത്ഭ അഭിഭാഷകരുടെ സേവനം ഉറപ്പാക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. അതേസമയം, കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയലക്ഷ്യങ്ങളോടെയും നിക്ഷിപ്ത താല്‍പര്യങ്ങളോടെയും തെറ്റായ പല അഭ്യൂഹങ്ങളും വ്യാഖ്യാനങ്ങളും പ്രചരിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. അത് ഒഴിവാക്കുന്നതിനായി കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണമെന്ന ആവശ്യം പിന്തുണയ്ക്കുകയാണെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി.

ഉന്നാവോ കേസിലെ പോലെ വിചാരണ ഉത്തര്‍പ്രദേശില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് അഭിഭാഷക ഇന്ദിര ജയ്സിങ് കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരേ പട്ടികജാതി-വര്‍ഗ നിയമപ്രകാരം കേസെടുക്കണമെന്നും ജയ്‌സിങ് വാദിച്ചു. ഹാഥ്റസുമായി ബന്ധപ്പെട്ട ഹരജികള്‍ അടുത്തയാഴ്ച പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. സപ്തംബര്‍ 14 നാണ് 19 കാരിയായ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ക്രൂരബലാല്‍സംഗത്തിന് ഇരയാക്കിയത്. അതീവഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഡല്‍ഹിയില്‍ ചികില്‍സയിലിരിക്കെ സപ്തംബര്‍ 29ന് മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ പോലിസ് അര്‍ധരാത്രിയില്‍ സംസ്‌കരിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

Next Story

RELATED STORIES

Share it