India

വിദ്വേഷപ്രസംഗം: ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന ഹരജി ഇന്ന് സുപ്രിംകോടതിയില്‍

കലാപത്തിന്റെ ഇരകളും ബിജെപി നേതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, അഭയ് വര്‍മ, പര്‍വേഷ് വര്‍മ എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം.

വിദ്വേഷപ്രസംഗം: ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന ഹരജി ഇന്ന് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപത്തിന് വഴിമരുന്നിട്ട ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സാമൂഹ്യപ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ നല്‍കിയ ഹരജിയാണ് സുപ്രിംകോടതി പരിഗണിക്കുക. കലാപത്തിന്റെ ഇരകളും ബിജെപി നേതാക്കള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിട്ടുണ്ട്. ബിജെപി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, അഭയ് വര്‍മ, പര്‍വേഷ് വര്‍മ എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്നാണ് ആവശ്യം. പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ജാഫ്രാബാദിന് തൊട്ടടുത്ത്, ശാഹീന്‍ബാഗ് സമരവേദിക്ക് കിലോമീറ്ററുകള്‍ക്ക് അകലെ ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷപ്രസംഗം കലാപത്തിന് കാരണമായെന്നാണ് വ്യാപകമായ ആരോപണമുയര്‍ന്നത്.

ഫെബ്രുവരി 23ന് ഡല്‍ഹിയില്‍ സിഎഎക്ക് അനുകൂലമായ റാലി മൗജാപൂരില്‍നിന്ന് ആരംഭിച്ചാണ് കപില്‍ മിശ്ര സംഘര്‍ഷത്തിന് തുടക്കമിടുന്നത്. സിഎഎയെ എതിര്‍ക്കുന്നവരെ തുടച്ചുനീക്കണമെന്ന് പോലിസിന് 'അന്ത്യശാസനം' നല്‍കിയായിരുന്നു കപില്‍ മിശ്രയുടെ വിദ്വേഷപ്രസംഗം. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മടങ്ങിപ്പോവുന്നതുവരെ ബിജെപി പ്രവര്‍ത്തകര്‍ ക്ഷമിക്കുമെന്നും അത് കഴിഞ്ഞാല്‍ പിന്നെ എന്തുവേണമെന്ന് ഞങ്ങള്‍ക്കറിയാമെന്നുമാണ് ഭീഷണി സ്വരത്തില്‍ ഡല്‍ഹി ഡിസിപി അടക്കം നില്‍ക്കുമ്പോള്‍ കപില്‍ മിശ്ര പ്രസംഗിച്ചത്. ഇതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കലാപകാരികള്‍ സംഹാരതാണ്ഡവമാടിയത്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ബിജെപി നേതാവ് പര്‍വേഷ് വര്‍മയും നടത്തിയ പരിപാടികളില്‍ 'ഗോലി മാരോ' മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നിരുന്നു. ദേശദ്രോഹികളെ വെടിവച്ചുകൊല്ലൂ എന്നര്‍ഥം വരുന്ന മുദ്രാവാക്യങ്ങളുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയത് ഡല്‍ഹിയില്‍ അക്രമത്തിന് കാരണമായെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്കെതിരേ കേസെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ ഏപ്രില്‍ 13 വരെ ഡല്‍ഹി പോലിസിന് ഡല്‍ഹി ഹൈക്കോടതി സമയം നീട്ടിനല്‍കിയിരുന്നു. കലാപം നടന്ന ദിവസം അര്‍ധരാത്രി വീട്ടില്‍വച്ച് അടിയന്തരമായി കേസ് പരിഗണിച്ച ജസ്റ്റിസ് മുരളീധര്‍ റാവുവിനെ സ്ഥലം മാറ്റിയ ശേഷം, ചീഫ് ജസ്റ്റിസ് തന്നെ കേസ് ഏറ്റെടുക്കുകയായിരുന്നു.

ഈ നടപടിയെയും ഹരജിക്കാരന്‍ സുപ്രിംകോടതിയില്‍ ചോദ്യംചെയ്തിരുന്നു. എന്നാല്‍, കലാപം തടയുന്നതിന് ഇടപെടുന്നതില്‍ കോടതിക്ക് പരിമിതികളുണ്ടെന്നായിരുന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നിലപാട്. മാധ്യമങ്ങള്‍ കോടതിയെ കുറ്റപ്പെടുത്തുകയാണെന്നും ഞങ്ങള്‍ക്കുമേല്‍ വലിയ സമ്മര്‍ദമാണുള്ളതെന്നും ഇത്തരം സംഭവങ്ങള്‍ തടയാന്‍ മാത്രം സജ്ജരല്ല തങ്ങളെന്ന് മനസ്സിലാക്കണമെന്നും ചീഫ് ജസ്റ്റിസ് ഹരജിക്കാരന്റെ അഭിഭാഷകനായ ഗോണ്‍സാല്‍വസിനോട് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it