India

കൊവിഡ് രോഗികള്‍ക്ക് ഒരുലക്ഷം വിവാദ പതഞ്ജലി 'കൊറോണില്‍' കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി ഹരിയാന

കൊവിഡ് രോഗികള്‍ക്ക് ഒരുലക്ഷം വിവാദ പതഞ്ജലി കൊറോണില്‍ കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യാനൊരുങ്ങി ഹരിയാന
X

ഛണ്ഡിഗഢ്: ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കൊവിഡ് മരുന്നെന്ന് അവകാശപ്പെട്ട് പുറത്തിറക്കുകയും വിവാദത്തിലാവുകയും ചെയ്ത 'കൊറോണില്‍' ഹരിയാനയില്‍ വിതരണം ചെയ്യാനൊരുങ്ങുന്നു. ഒരുലക്ഷം പതഞ്ജലി 'കൊറോണില്‍' കിറ്റുകളാണ് സൗജന്യമായി വിതരണം ചെയ്യാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യമന്ത്രി അനില്‍ വിജ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കിറ്റുകളുടെ വില ഹരിയാന സര്‍ക്കാരും പതഞ്ജലിയും ചേര്‍ന്ന് തുല്യമായി വഹിക്കും. ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ കിറ്റിന് കൊവിഡിനെതിരായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് അവകാശവാദം.

എന്നാല്‍, ബാബാ രാംദേവ് 'കൊറോണില്‍' പുറത്തിറക്കിയപ്പോള്‍തന്നെ ഇതിനെതിരേ വലിയതോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കൊവിഡ് വാക്‌സിന്‍ എന്ന അവകാശവാദവുമായി പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍, മഹാരാഷ്ട്രയില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചിരുന്നു. അത്തരത്തില്‍ ഒരു വാക്‌സിന്‍ ധൃതിപിടിച്ച്, രണ്ട് കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തില്‍ പുറത്തിറക്കിയത് വളരെ സങ്കടകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊറോണില്‍ കൊവിഡ് ഭേദമാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മദ്രാസ് ഹൈക്കോടതി പത്ത് ലക്ഷം രൂപയാണ് പതഞ്ജലിക്ക് പിഴ ഈടാക്കിയത്.

മരുന്നിന് കൊറോണില്‍ എന്ന പേര് ഉപയോഗിക്കുന്നതും കോടതി വിലക്കി. കൊറോണില്‍, സ്വസാരി എന്നിവ ഉള്‍പ്പെടെയുള്ള മൂന്ന് മരുന്നുകള്‍ അടങ്ങിയതാണ് കൊറോണ കിറ്റ്. 30 ദിവസത്തേക്കുള്ള കിറ്റാണ് നല്‍കുന്നത്. ഹരിയാനയിലെ ഗ്രാമപ്രദേശങ്ങളില്‍ ധാരാളം കേസുകള്‍ക്ക് കൊറോണില്‍ ഫലപ്രദമാണെന്ന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നായിരുന്നു സംസ്ഥാന ഉദ്യോഗസ്ഥരുടെ പ്രതികരണം. ലോകാരോഗ്യസംഘടനയുടെയും ആയുഷ് മന്ത്രാലയത്തിന്റെയും അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കൊറോണില്‍ ബാബാ രാംദേവ് വിപണിയില്‍ ഇറക്കിയിരുന്നത്. എന്നാല്‍, 'കൊറോണില്‍' മരുന്നിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് ലോകാരോഗ്യസംഘടന ഔദ്യോഗികമായി വെളിപ്പെടുത്തി.

കൊവിഡ് ചികില്‍സയ്ക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിന്റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് ലോകാരോഗ്യസംഘടന അറിയിച്ചത്. ആഗോള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി നിര്‍മിച്ചെടുത്ത കൊറോണില്‍ ഗവേഷണം മുഴുവന്‍ പൂര്‍ത്തിയാക്കിയതാണെന്നും ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷന്‍ പദ്ധതിപ്രകാരം ആയുര്‍ മന്ത്രാലയം അംഗീകാരം നല്‍കിയെന്നുമായിരുന്നു ബാബ രാംദേവിന്റെ അവകാശവാദം. അതേസമയം, കൊവിഡിന് പരമ്പരാഗത മരുന്നുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെന്ന് ലോകാരോഗ്യസംഘടന സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.

കൊറോണില്‍ കൊവിഡിന് ഫലപ്രദമാണെന്ന് അവകാശപ്പെടുന്ന ശാസ്ത്രീയ തെളിവുകള്‍ അടങ്ങിയ പ്രബന്ധമാണെന്ന് അവകാശപ്പെട്ട് ബാബാ രാംദേവ് ചില പുസ്തകങ്ങളും ചടങ്ങില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവകാശവാദം. ലോകാരോഗ്യസംഘടന അംഗീകാരം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ മരുന്നാണ് ഹരിയാന സര്‍ക്കാര്‍ കൊവിഡ് രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

അലോപ്പതി ചികില്‍സാ രീതികളെ പരസ്യമായി അധിക്ഷേപിച്ച ബാബാ രാംദേവിനെതിരേ കേന്ദ്ര ആരോഗ്യമന്ത്രി രൂക്ഷവിമര്‍ശനം നടത്തുകയും പരാമര്‍ശനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് ഹരിയാന സര്‍ക്കാരിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ബാബാ രാംദേവ് കൊവിഡ് പോരാളികളെ അവഹേളിച്ചെന്നും പരാമര്‍ശം രാജ്യത്തെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നുമായിരുന്നു ഹര്‍ഷ് വര്‍ധന്റെ പ്രതികരണം.

Next Story

RELATED STORIES

Share it