India

ഹരിയാനയിലെ 40 ബിജെപി എംഎല്‍എമാരില്‍ 37 പേരും കോടീശ്വരന്മാര്‍

ഹരിയാനയിലെ 40 ബിജെപി എംഎല്‍എമാരില്‍ 37 പേരും കോടീശ്വരന്മാര്‍
X

ചണ്ടീഗഡ്:ഹരിയാനയില്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ 90ല്‍ 84 എംഎല്‍എമാരും (93 ശതമാനം പേരും) കോടിപതികള്‍. ബിജെപിയുടെ 40 എംഎല്‍എമാരില്‍ 37 പേരും കോടിപതികളാണ്. കോണ്‍ഗ്രസിന്റെ 31 എംഎല്‍എമാരില്‍ 29 പേരാണ് കോടിപതികള്‍. സ്വതന്ത്രരായി ജയിച്ച ആറുപേരും കോടീശ്വരന്‍മാരാണ്.

മേഹം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബല്‍രാജ് ഖുണ്ടുവാണ് എംഎല്‍എമാരില്‍ ഏറ്റവും ധനികന്‍. 141 കോടിയുടെ ആസ്ഥിയാണ് ബല്‍രാജിനുളളത്.

ആദംപൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കോണ്‍ഗ്രസിന്റെ കുല്‍ദീപ് ബിഷ്‌ണോയിക്ക് 105 കോടിയുടെ സമ്പാദ്യമുണ്ട്. എംഎല്‍എമാരുടെ സമ്പാദ്യത്തിന്റെ ശരാശരി കണക്കാക്കിയാല്‍ 18.29 കോടി വീതം വരുമെന്നും അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റീഫോംസ് (എഡിആര്‍) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

2014ല്‍ എംഎല്‍എമാരുടെ ശരാശരി 12.97 കോടി ആയിരുന്നു. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തുക്കളുടെയും കൈയിലുളള പണത്തിന്റെയും കണക്കുകള്‍ മാത്രം പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘടനയായ എഡിആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഹരിയാനയില്‍ മത്സരിക്കാനായി നോമിനേഷന്‍ നല്‍കിയവരില്‍ 42 ശതമാനം പേരും (481 ആളുകള്‍) കോടിപതികളായിരുന്നു. മുന്‍ എംഎല്‍എമാരായിരുന്ന 75 പേരും കോടിപതികളാണ്.

എംഎല്‍എമാരുടെ സ്വത്തുക്കളുടെ ശരാശരി കണക്കാക്കിയാല്‍ അതില്‍ മുന്നില്‍ നില്‍ക്കുന്നത് ദുഷ്യന്ത് ചൗട്ടാലയുടെ ജെജെപിയാണ്. 25.26 കോടിയാണ് ജെജെപിയിലെ ശരാശരി. രണ്ടാമതുളള കോണ്‍ഗ്രസിന്റേതാകട്ടെ 16.32 കോടിയും ബിജെപിയുടേത് 12.04 കോടിയുമാണ്.

Next Story

RELATED STORIES

Share it