India

തീവ്രവാദികള്‍ക്ക് ബിരിയാണിയല്ല; വെടിയുണ്ട തന്നെയാണ് കൊടുക്കുന്നതെന്ന് യോഗി ആദിത്യനാഥ്

ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് നടത്തിയ പ്രസംഗത്തിലും പാകിസ്താന്‍, ബിരിയാണി, വെടിയുണ്ട തുടങ്ങിയ വാക്കുകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്.

തീവ്രവാദികള്‍ക്ക് ബിരിയാണിയല്ല; വെടിയുണ്ട തന്നെയാണ് കൊടുക്കുന്നതെന്ന് യോഗി ആദിത്യനാഥ്
X

ന്യൂഡല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം, ഞങ്ങള്‍ എല്ലാ തീവ്രവാദികളെയും തിരിച്ചറിഞ്ഞ് ബിരിയാണിക്കുപകരം വെടിയുണ്ടകളാണ് തീറ്റിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് നടത്തിയ പ്രസംഗത്തിലും പാകിസ്താന്‍, ബിരിയാണി, വെടിയുണ്ട തുടങ്ങിയ വാക്കുകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. നേരത്തേ, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ കേന്ദ്രമായ ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കെജ്‌രിവാളിന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ പോലും കഴിയുന്നില്ല. എന്നാല്‍ ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക്

ബിരിയാണി വിതരണം ചെയ്യുകയാണെന്നായിരുന്നു കരവാല്‍ നഗര്‍, ആദര്‍ശ് നഗര്‍, നരേല, രോഹിണി എന്നിവിടങ്ങളില്‍ നടന്ന റാലികളില്‍ യോഗിയുടെ പരാമര്‍ശം. 'കെജ്‌രിവാളിന് മെട്രോയോ ശുദ്ധമായ വെള്ളമോ വൈദ്യുതിയോ വേണ്ട, അദ്ദേഹത്തിന് ശാഹീന്‍ ബാഗ് മാത്രമേ ആവശ്യമുള്ളൂ. നിങ്ങള്‍ക്ക് മെട്രോ, റോഡുകള്‍, ശാഹീ ബാഗ് എന്നിവയില്‍ ഏതു വേണമെന്ന് തീരുമാനിക്കാം. വികസനത്തിനല്ല പ്രതിഷേധക്കാര്‍ക്ക് ബിരിയാണി കൊടുക്കാനാണ് കെജ്‌രിവാള്‍ പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തേ, 1947ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഭജനത്തിന് പിന്നില്‍ പൗരത്വ നിയമത്തില്‍ പ്രതിഷേധിക്കുന്നവരുടെ പൂര്‍വികരാണെന്ന് കരവാല്‍ നഗര്‍ ഛൗക്കില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ യോഗി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പ്രതിഷേധം പൗരത്വ ഭേദഗതി നിയമത്തിനെതിരല്ലെന്നും മറിച്ച് ഇന്ത്യ ആഗോള ശക്തിയായി മാറുന്നത് തടയാനാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശാഹീന്‍ ബാഗിനെ ലക്ഷ്യമിട്ട് പ്രസംഗിച്ചിരുന്നു.




Next Story

RELATED STORIES

Share it