India

ഗോധ്ര ട്രെയിനിലെ തീപിടിത്തം ഒഴിവാക്കാമായിരുന്നു; പോലിസുകാരെ പിരിച്ചുവിട്ട നടപടി ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി

ഗോധ്ര ട്രെയിനിലെ തീപിടിത്തം ഒഴിവാക്കാമായിരുന്നു; പോലിസുകാരെ പിരിച്ചുവിട്ട നടപടി ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി
X

അഹമ്മദാബാദ്: ഗുജറാത്തിലെ ഗോധ്ര ട്രെയിനിന് തീപിടിച്ച കേസുമായി ബന്ധപ്പെട്ട് സബര്‍മതി എക്‌സ്പ്രസില്‍ ജോലിയുണ്ടായിരുന്ന ഒമ്പത് പോലിസുകാരെ പിരിച്ചുവിട്ട നടപടി ശരിവച്ച് ഗുജറാത്ത് ഹൈക്കോടതി. ഇവര്‍ ജോലിയിലുണ്ടായിരുന്നെങ്കില്‍ ഗോധ്ര സംഭവം ഒഴിവാക്കാമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

ഓടുന്ന ട്രെയിനുകളിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രൂപീകരിച്ച മൊബൈല്‍ സ്‌ക്വാഡിന്റെ ഭാഗമായിരുന്നു പോലിസുകാര്‍.ഗുജറാത്ത് റെയില്‍വേ പോലിസിലെ കോണ്‍സ്റ്റബിള്‍മാരായിരുന്നു ഈ ഒമ്പത് പോലിസുകാര്‍. 2002 ഫെബ്രുവരി 27ന്, ദാഹോദില്‍ നിന്ന് അഹമ്മദാബാദ് സ്റ്റേഷനിലേക്കുള്ള സബര്‍മതി എക്‌സ്പ്രസ് ട്രെയിനിലായിരുന്നു പോലിസുകാര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ട്രെയിന്‍ വൈകുമെന്ന് കരുതി അവര്‍ മറ്റൊരു ട്രെയിനില്‍ കയറുകയായിരുന്നു.

അന്നേ ദിവസമാണ് എക്‌സ്പ്രസ് ട്രെയിനിന്റെ എസ്-6 കോച്ച് അഗ്‌നിക്കിരയാകുന്നത്. 58 പേരാണ് തീപിടിത്തത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഗുജറാത്ത് വംശഹത്യ അരങ്ങേറുന്നത്. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഈ പോലിസുകാരെ 2005ലാണ് സര്‍വീസില്‍ നിന്ന് നീക്കം ചെയ്തത്.

പോലിസുകാര്‍ അവരുടെ ഡ്യൂട്ടിയോട് ഗുരുതരമായ അനാസ്ഥയും അശ്രദ്ധയും കാണിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ഹരജിക്കാര്‍ വ്യാജ എന്‍ട്രികള്‍ നടത്തിയാണ് മറ്റൊരു ട്രെയിന്‍ ആയി ശാന്തി എക്‌സ്പ്രസില്‍ ഡ്യൂട്ടിക്ക് കയറിയത്. സബര്‍തി എക്‌സ്പ്രസിലെ എസ് ആറ് കമ്പാര്‍ട്ട്‌മെന്റില്‍ പോലിസ് ഉദ്യോഗസ്ഥര്‍ ആരുമില്ലായിരുന്നുവെന്ന് കോടതി ചൂണ്ടികാട്ടി.

വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. ഇതിനെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഗുജറാത്ത് ഹൈക്കോടതി ഇവരുടെ ഹരജി തള്ളിക്കളയുന്നത്. ഡ്യൂട്ടിയില്‍ അശ്രദ്ധയാണ് കാണിച്ചതെന്നും കോടതി വ്യക്തമാക്കി. ഒമ്പത് പേരില്‍ രണ്ട് പോലിസുകാര്‍ അടുത്തിടെ മരിച്ചിരുന്നു.



Next Story

RELATED STORIES

Share it