India

രണ്ട് ഡോസ് വാക്‌സിനെടുത്ത വിമാനയാത്രികര്‍ക്ക് മുംബൈയില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

രണ്ട് ഡോസ് വാക്‌സിനെടുത്ത വിമാനയാത്രികര്‍ക്ക് മുംബൈയില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട
X

മുംബൈ: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിമാനയാത്രികര്‍ക്ക് മുംബൈയിലേക്കും മഹാരാഷ്ട്രയിലേക്കും പോവുന്നതിന് ഇനി മുതല്‍ കൊവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മെയ് മാസത്തില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവരുടെ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് നടത്തിയ കൊവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ റിപോര്‍ട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ ഇക്ബാല്‍ സിങ് ചഹാല്‍ പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരെ മുംബൈ വിമാനത്താവളം വഴി നഗരത്തിലേക്ക് പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കി ഇളവുകള്‍ വരുത്തിയത്.

ഡല്‍ഹിയിലേക്കോ മറ്റ് ബിസിനസ് സ്ഥലങ്ങളിലേക്കോ രാവിലെ യാത്രചെയ്യുന്ന ധാരാളം യാത്രക്കാരുണ്ട്. അവര്‍ അതേ ദിവസം വൈകുന്നേരമോ അല്ലെങ്കില്‍ അടുത്ത ദിവസം രാവിലെ മടങ്ങുകയാണ്. ആര്‍ടിപിസിആര്‍ പരിശോധന നടത്തി റിപോര്‍ട്ട് ലഭിക്കുകയെന്നത് അസാധ്യമാണ്- മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ചഹാല്‍ പറഞ്ഞു. രാജ്യത്തുടനീളം വാക്‌സിനേഷന്‍ ആരംഭിച്ചത് മുതല്‍ പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ത്തിയാക്കിയവരെ കൊവിഡ് നെഗറ്റീവ് റിപോര്‍ട്ട് നല്‍കണമെന്ന വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവരികയാണ്.

പൂര്‍ണമായും വാക്‌സിനേഷന്‍ എടുക്കുന്ന ആഭ്യന്തര യാത്രക്കാരെ മുംബൈയിലെത്തുമ്പോള്‍ നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ റിപോര്‍ട്ട് നല്‍കുന്നതില്‍നിന്ന് ഒഴിവാക്കാം- ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജ്യത്തെ കൊവിഡ് 19 വാക്‌സിന്‍ ഡോസുകളുടെ എണ്ണം 38.50 കോടി കവിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 18-44 പ്രായപരിധിയിലുള്ള 15,49,982 ഗുണഭോക്താക്കള്‍ക്ക് ആദ്യ ഡോസ് നല്‍കിയപ്പോള്‍ 1,19,121 പേര്‍ക്ക് രണ്ടാം ഡോസ് നല്‍കി. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 18-44 പ്രായപരിധിയിലുള്ള 11,59,50,619 പേര്‍ക്ക് ആദ്യ ഡോസും 40,19,089 പേര്‍ക്ക് രണ്ടാം ഡോസും മെയ് ഒന്നിന് വാക്‌സിനേഷന്‍ ഡ്രൈവിന്റെ മൂന്നാം ഘട്ടം ആരംഭിച്ചതിന് ശേഷം ലഭിച്ചു.

Next Story

RELATED STORIES

Share it