India

വൈകീട്ട് 6.30നുശേഷം വിദ്യാര്‍ഥിനികള്‍ക്ക് പുറത്തുപോവുന്നതിന് വിലക്ക്; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് മൈസൂരു സര്‍വകലാശാല

മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സാഹചര്യത്തില്‍ സര്‍വകലാശാല രജിസ്ട്രാറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ഥിനികള്‍ വൈകുന്നേരം 6.30ന് ശേഷം കുക്കരഹള്ളി തടാക പരിസരത്തേക്ക് പോവരുത്. കൂടാതെ മാനസ ഗംഗോത്രി കാംപസ് പരിസരത്ത് വിദ്യാര്‍ഥിനികള്‍ തനിച്ച് 6.30ന് ശേഷം ഇരിക്കരുത്.

വൈകീട്ട് 6.30നുശേഷം വിദ്യാര്‍ഥിനികള്‍ക്ക് പുറത്തുപോവുന്നതിന് വിലക്ക്; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ച് മൈസൂരു സര്‍വകലാശാല
X

ബംഗളൂരു: പെണ്‍കുട്ടികള്‍ക്ക് കാംപസിനുള്ളില്‍ സഞ്ചാരസ്വാതന്ത്ര്യം വിലക്കി മൈസൂരു സര്‍വകലാശാല പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. വൈകുന്നേരം 6.30ന് ശേഷം വിദ്യാര്‍ഥിനികള്‍ തനിച്ച് കാംപസില്‍ സഞ്ചരിക്കരുതെന്ന് നിര്‍ദേശിക്കുന്ന സര്‍ക്കുലറാണ് പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് അധികൃതര്‍ക്ക് പിന്‍വലിക്കേണ്ടിവന്നത്. മൈസൂരുവില്‍ എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സാഹചര്യത്തില്‍ സര്‍വകലാശാല രജിസ്ട്രാറാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ഥിനികള്‍ വൈകുന്നേരം 6.30ന് ശേഷം കുക്കരഹള്ളി തടാക പരിസരത്തേക്ക് പോവരുത്. കൂടാതെ മാനസ ഗംഗോത്രി കാംപസ് പരിസരത്ത് വിദ്യാര്‍ഥിനികള്‍ തനിച്ച് 6.30ന് ശേഷം ഇരിക്കരുത്.

വൈകുന്നേരം ആറ് മുതല്‍ ഒമ്പതുവരെ പട്രോളിങ്ങിനായി സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആണ്‍കുട്ടികള്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമായിരുന്നില്ല. കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സി എന്‍ അശ്വത് നാരായണനാണ് വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സര്‍വകലാശാലയോട് നിര്‍ദേശിച്ചത്. പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടം സൃഷ്ടിക്കാന്‍ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവ് പിന്‍വലിച്ച കാര്യം മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ യൂനിവേഴ്‌സിറ്റി ചാന്‍സലര്‍മാരും യൂനിവേഴ്‌സിറ്റി കാംപസുകളില്‍ വേണ്ടത്ര സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

ശരിയായ നിരീക്ഷണത്തിനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിവായി പട്രോളിങ് നടത്തണം. ക്രമസമാധാനം നിലനിര്‍ത്താനാവശ്യമായ നടപടി സ്വീകരിക്കാന്‍ എല്ലാ വിസിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, കാംപസില്‍ ഒഴിഞ്ഞ പ്രദേശങ്ങളുള്ളതിനാല്‍ പെണ്‍കുട്ടികളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പോലിസ് അറിയിച്ചതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു വൈസ് ചാന്‍സലറുടെ വിശദീകരണം. വിദ്യാര്‍ഥിനികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

പെണ്‍കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുകയല്ല ലക്ഷ്യമെന്നും തനിച്ച് പോവരുതെന്ന് മാത്രമാണ് നിര്‍ദേശമെന്നും സര്‍ക്കുലറിലെ വാക്കുകളില്‍ പിശകുണ്ടെങ്കില്‍ തിരുത്തുമെന്നും വിസി സൂചിപ്പിച്ചിരുന്നു. ആഗസ്ത് 24ന് ചാമുണ്ഡി ഹില്‍സിലേക്ക് പോവുന്നതിനിടെയാണ് എംബിഎ വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായത്. സഹപാഠിയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ആറംഗസംഘം പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ അഞ്ചുപ്രതികളെ കര്‍ണാടക പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. പ്രതികളിലൊരാള്‍ ഒളിവിലാണ്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആളുകള്‍ വിവാദ ഉത്തരവിനെ അപലപിച്ച് രംഗത്തെത്തി.

Next Story

RELATED STORIES

Share it