India

നെറ്റ്ഫ് ളിക്‌സ്, ആമസോണ്‍ സീരീസുകള്‍ക്കെതിരേ ആര്‍എസ്എസ്

വീഡിയോ സ്ട്രീമിങ് സൈറ്റുകളായ നെറ്റ്ഫഌക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയവ ഹിന്ദുവിരുദ്ധവും രാജ്യദ്രോഹപരവുമായ പരമ്പരകള്‍ കാണിക്കുന്നു എന്ന ആക്ഷേപവുമായി ആര്‍എസ്എസ്. ഓണ്‍ലൈന്‍ സ്ട്രീമിങ് സൈറ്റുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം.

നെറ്റ്ഫ് ളിക്‌സ്, ആമസോണ്‍ സീരീസുകള്‍ക്കെതിരേ ആര്‍എസ്എസ്
X

ന്യൂഡല്‍ഹി: വീഡിയോ സ്ട്രീമിങ് സൈറ്റുകളായ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയവ ഹിന്ദുവിരുദ്ധവും രാജ്യദ്രോഹപരവുമായ പരമ്പരകള്‍ കാണിക്കുന്നു എന്ന ആക്ഷേപവുമായി ആര്‍എസ്എസ്. ഓണ്‍ലൈന്‍ സ്ട്രീമിങ് സൈറ്റുകള്‍ക്ക് സെന്‍സറിങ് ഏര്‍പ്പെടുത്തണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. ആവശ്യത്തോട് സര്‍ക്കാര്‍ അനുകൂല നിലപാടാണ് എടുത്തിട്ടുള്ളത്. സ്ട്രീമിങ് സൈറ്റുകളിലെ പരിപാടികളുടെ സെന്‍സറിങ് സംബന്ധിച്ച തീരുമാനിക്കുന്നതിനായി കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

സ്ട്രീമിങ് സൈറ്റുകളിലെ പല പരിപാടികളും ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കാത്തതാണെന്നും ആര്‍എസ്എസ് പറയുന്നു.

സേക്രഡ് ഗെയിംസ്, ലെയ്‌ല, ഗൂല്‍, ദി ഫാമിലി മാന്‍ എന്നീ നാലു പരമ്പരകള്‍ക്കെതിരേ അടുത്ത കാലത്ത് ആര്‍എസ്എസ് എതിര്‍പ്പുമായി എത്തിയിരുന്നു.

സേക്രഡ് ഗെയിംസ്


ഇന്ത്യനമേരിക്കന്‍ എഴുത്തുകാരന്‍ വിക്രം ചന്ദ്രയുടെ നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് നെറ്റ്ഫ്‌ലിക്‌സ് ഈ പരമ്പര നിര്‍മിച്ചത്. വിക്രമാദിത്യ മൊട്‌വാനെയും അനുരാഗ് കശ്യപും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. മുംബൈ പശ്ചാത്തലമായി നടക്കുന്ന കഥയില്‍ അധോലോകവും െ്രെകമും ആത്മീയതയും ബോളിവുഡും രാഷ്ട്രീയവുമെല്ലാമുണ്ട്.

സെയ്ഫ് അലി ഖാന്‍, നവാസുദ്ദീന്‍ സിദ്ധിഖി, രാധികാ ആപ്‌തെ, പങ്കജ് ത്രിപാഠി, കല്‍ക്കി കോച്ചെലിന്‍ തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട് ഈ പരമ്പരയില്‍. രണ്ട് സീസണുകളാണ് ഇതുവരെയിറങ്ങിയത്. ആത്മീയ വ്യവസായത്തിന്റെ ഇരുണ്ടലോകത്തേക്ക് രണ്ടാം സീസണ്‍ വെളിച്ചംവീശുന്നു. ഗുരുജി എന്ന കഥാപാത്രം നേതൃത്വം നല്‍കുന്ന ആശ്രമവും സംഘര്‍ഷഭരിതമായ ഒരു ലോകം സൃഷ്ടിക്കാനുള്ള അവരു നിഗൂഡ പദ്ധതികളുമൊക്കെ ഇതിലുണ്ട്. ഈ ഭാഗമാണ് ആര്‍എസ്എസിനെ പ്രകോപിപ്പിച്ചതെന്നാണു കരുതുന്നത്.

ലെയ്‌ല


മാധ്യമപ്രവര്‍ത്തകനായ പ്രയാഗ് അക്ബറിന്റെ അതേപേരുള്ള നോവലാണ് നെറ്റ്ഫ്‌ളിക്‌സ് പരമ്പരയായി വരുന്നത്. ഇന്തോ കനേഡിയന്‍ സംവിധായകയായ ദീപാ മെഹ്ത, ശങ്കര്‍ രാമന്‍, പവന്‍ കുമാര്‍ എന്നിവര്‍ചേര്‍ന്നാണ് ലെയ്‌ല സംവിധാനംചെയ്യുന്നത്.

ആര്യവര്‍ത്ത എന്ന ഡിസ്‌റ്റോപിയന്‍ ലോകത്ത് നടക്കുന്ന സംഭവങ്ങളാണ് പരമ്പര. ഹിന്ദു വേദങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ഉപഭൂഖണ്ഡത്തിന്റെ പേരും ആര്യാവര്‍ത്ത എന്നാണ്. ഹിന്ദു മഹാസഭാ നേതാവും 'ഹിന്ദുത്വ' രാഷ്ട്രീയത്തിന്റെ സ്ഥാപകരില്‍ പ്രമുഖനുമായ സവര്‍ക്കറുടെ രാഷ്ട്ര സങ്കല്‍പവും ആര്യാവര്‍ത്തയായിരുന്നു. ആര്യവംശജര്‍ മാത്രം താമസിക്കുന്നയിടമായാണ് മിത്തുകളിലെ ആര്യാവര്‍ത്തയെ പറയുന്നത്. സവര്‍ണ വിഭാഗങ്ങള്‍ക്കു മാത്രം എല്ലാ സൗകര്യങ്ങളും മറ്റുള്ളവര്‍ക്ക് ശുദ്ധജലം പോലും ലഭിക്കാത്തതുമായ ഒരു ലോകമാണ് ആര്യാവര്‍ത്ത. മതംമാറുന്നവര്‍ക്കുള്ള പീഡന കേന്ദ്രങ്ങളും മറ്റും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഒരു രാജ്യത്തെ ഓര്‍മിപ്പിക്കുന്നുണ്ട്.

ഡോ. ജോഷി എന്ന ഭരണകര്‍ത്താവിന് കീഴിലുള്ള 2040കളിലെ ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളാണ് പരമ്പര. മതവും രാഷ്ട്രീയവും അക്രമങ്ങളും നിറഞ്ഞ ഫാഷിസത്തിന്റേതായ ഭൂമികയിലൂടെ കഥ പുരോഗമിക്കുന്നു. ഒരു സീസണിലായി ആറ് എപ്പിസോഡുകളാണ് ഇറങ്ങിയിട്ടുള്ളത്.

ഗൂല്‍


നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശിപ്പിക്കുന്ന ഹൊറര്‍ സീരീസാണ് ഗൂല്‍. പാട്രിക് ഗ്രഹാം എഴുതി സംവിധാനം ചെയ്യുന്ന പരമ്പര ഇന്ത്യന്‍ പശ്ചാത്തലത്തിലെ ഫാഷിസ്റ്റ് കാലത്തെ ഒരു ഡിസ്‌റ്റോപിയന്‍ സമൂഹത്തിന്റെ കഥ പറയുന്നു. അലി സയീദ് എന്ന 'കൊടുംഭീകര'ന്റെ ചോദ്യംചെയ്യലാണ് കഥയുടെ പ്രധാന പ്ലോട്ട്.

അറബ് നാടോടിക്കഥകളിലെ പ്രേതമായ ഗൂലാണ് പരമ്പരയിലെ പ്രേതം. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയൊക്കെ പിടിച്ചിടാനും 'ശുദ്ധീകരിക്കാ'നുമുള്ള രഹസ്യ തടങ്കല്‍ പാളയങ്ങള്‍ കഥയിലെ പ്രധാന ഭാഗമാണ്.

രാധികാ ആപ്‌തെ, മാനവ് കൗള്‍, എസ് എം സഹീര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനുരാഗ് കശ്യപിന്റെ ഫാന്റം ഫിലിംസ് നിര്‍മിക്കുന്ന പരമ്പരയില്‍ മൂന്ന് എപ്പിസോഡുകളാണ് ഇതുവരെ ഇറങ്ങിയത്.

ദി ഫാമിലി മാന്‍


ഇന്ത്യന്‍ ചാരനായ ശ്രീകാന്ത് തിവാരിയുടെ കഥ പറയുന്ന ദി ഫാമിലി മാന്‍ ആമസോണ്‍ െ്രെപമിലാണ് സ്ട്രീം ചെയ്യുന്നത്. മനോജ് ബാജ്‌പേയ്, പ്രിയാമണി, ശരീബ് ഹശ്മി എന്നിവരോടൊപ്പം മലയാളിയായ നീരജ് മാധവും പരമ്പരയില്‍ പ്രധാനവേഷത്തിലെത്തുന്നു.

രാജ് നിഡി, കൃഷ്ണാ ഡികെ എന്നിവര്‍ സംവിധാനംചെയ്ത പരമ്പര ദേശീയ അന്വേഷണ ഏജന്‍സിക്കുവേണ്ടി രഹസ്യമായി ജോലിചെയ്യുന്ന ഒരാളുടെ കഥ പറയുന്നു. ഭീകരവാദവും കശ്മീരും രാജ്യത്തെ രാഷ്ട്രീയപ്രാധാന്യമുള്ള പല സംഭവങ്ങളും പരമ്പരയില്‍ കടന്നുവരുന്നു. ഭീകരവാദത്തെ ന്യായീകരിക്കുന്ന സംഭാഷണങ്ങളുണ്ട് എന്നാണ് പരമ്പരയ്‌ക്കെതിരായ ആര്‍എസ്എസ് ആരോപണം. ഗുജറാത്തിലെ സംഘപരിവാര ആക്രമണവും കശ്മീരിലെ സൈന്യത്തിന്റെ അതിക്രമവുമൊക്കെ യുവാക്കളെ തീവ്രവാദത്തിലേക്കു നയിക്കുന്ന എന്ന സൂചന പരമ്പരയിലുണ്ട്. അതേ സമയം, കേരളം വലിയൊരു തീവ്രവാദ കേന്ദ്രമാണ് എന്ന് വരുത്തിത്തീര്‍ക്കാനും പരമ്പര ശ്രമിക്കുന്നുണ്ട്. പത്ത് എപ്പിസോഡുകളുള്ള ഒരു സീസണാണ് ഇതുവരെ ഇറങ്ങിയത്.

ഫോര്‍ ഷോട്‌സ് പ്ലീസ്

അനു മേനോന്‍ സംവിധാനം ചെയ്ത പരമ്പര മുംബൈ നഗരത്തില്‍ ജീവിക്കുന്ന നാല് സ്ത്രീകളുടെ കഥയാണ്. ജയപരാജയങ്ങള്‍ക്കും തിരക്കുകള്‍ക്കും അപര്യാപ്തതകള്‍ക്കുമൊക്കെ ഇടയിലും ടക്വീല ഷോട്ടുകളില്‍ സൗഹൃദം പങ്കിടുന്നവരാണ് ഈ സ്ത്രീകള്‍. സ്ത്രീകള്‍ മാത്രം പ്രധാനകഥാപാത്രങ്ങളാകുന്ന ഇന്ത്യയിലെ ആദ്യ ഒറിജിനല്‍ സീരീസാണ് ഫോര്‍ ഷോട്ട് പ്ലീസ്. പ്രണയവും ലൈംഗികതയും ബന്ധങ്ങളിലെ പ്രശ്‌നങ്ങളുമെല്ലാം പറയുന്ന പരമ്പര ആമസോണിലാണ് സ്ട്രീം ചെയ്യുന്നത്.

ഭാരതീയ സംസ്‌കാരത്തിന് യോജിക്കാത്തത് എന്നാണ് പരമ്പരക്കെതിരെ ആര്‍എസ്എസ് നടത്തിയ വിമര്‍ശനം. സയാനി ഗുപ്ത, ബാനി ജെ, കീര്‍ത്തി കുല്‍ഹാരി, മാന്‍വി ഗഗ്‌രൂ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിലിന്ദ് സോമന്‍, ലിസാ റേ, പ്രതീക ബബ്ബര്‍ എന്നിവരും മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ഒരൊറ്റ സീസണിലായി പത്ത് എപ്പിസോഡുകളാണ് ഇതുവരെ ഇറങ്ങിയത്.

Next Story

RELATED STORIES

Share it