India

ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം തടയണം; ബ്രിട്ടീഷ് എംപിമാര്‍ക്ക് കത്തയക്കുമെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കേന്ദ്രസര്‍ക്കാര്‍ ജനുവരി 26ലെ റിപബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. ഡിസംബര്‍ 15ന് വിദേശക്രായമന്ത്രി എസ് ജയശങ്കറാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചുകൊണ്ട് കത്തയച്ചത്.

ബോറിസ് ജോണ്‍സന്റെ ഇന്ത്യ സന്ദര്‍ശനം തടയണം; ബ്രിട്ടീഷ് എംപിമാര്‍ക്ക് കത്തയക്കുമെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍
X

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കത്തയക്കുമെന്ന് രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സന്ദര്‍ശനം തടയാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുമേല്‍ എംപിമാര്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് കര്‍ഷകസംഘടനകളുടെ ആവശ്യം. പഞ്ചാബില്‍നിന്നുള്ള കര്‍ഷക സംഘടനാ നേതാവ് കുല്‍വന്ത് സിങ് സന്ധുവാണ് ഇക്കാര്യം അറിയിച്ചത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ കേന്ദ്രസര്‍ക്കാര്‍ ജനുവരി 26ലെ റിപബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. ഡിസംബര്‍ 15ന് വിദേശക്രായമന്ത്രി എസ് ജയശങ്കറാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ചുകൊണ്ട് കത്തയച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ കത്തയക്കുന്നത്. മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചതായി ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ സിന്‍ഹുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സന്ധു വ്യക്തമാക്കി.

പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ കര്‍ഷകര്‍ വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും കുല്‍വന്ത് സിങ് സന്ധു കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളിന്മേല്‍ എന്ത് തീരുമാനമെടുക്കണമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന കര്‍ഷക സംഘടനകളുടെ യോഗം ചര്‍ച്ച ചെയ്തു.

ഡിസംബര്‍ 26, 27, 28 തിയ്യതികളില്‍ ഹരിയാനയിലെ ടോള്‍ പ്ലാസകള്‍ തുറന്നുകൊടുക്കും. ഡിസംബര്‍ 25, 26 തിയ്യതികളില്‍ വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നില്‍ പഞ്ചാബി സമൂഹം പ്രതിഷേധ പ്രകടനം നടത്തും. പൗരത്വ നിയമഭേദഗതിയും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും അടക്കമുള്ള നടപടികള്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാല്‍, പുതിയ കാര്‍ഷിക നിയമങ്ങള്‍ രാജ്യത്തെ അന്നദാതാക്കള്‍ക്കെതിരേയുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it