India

കുല്‍ഗാമില്‍ സൈന്യവും സായുധരും തമ്മില്‍ ഏറ്റുമുട്ടുന്നു; ഒരാള്‍ കൊല്ലപ്പെട്ടു

കുൽഗാമിലെ പോംഭായി, ഗോപാൽപോര എന്നിവിടങ്ങളിലും ഈയാഴ്ച ഏറ്റുമുട്ടലുകൾ നടന്നിരുന്നു.

കുല്‍ഗാമില്‍ സൈന്യവും സായുധരും തമ്മില്‍ ഏറ്റുമുട്ടുന്നു; ഒരാള്‍   കൊല്ലപ്പെട്ടു
X

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സൈന്യവും സായുധരും തമ്മില്‍ ഏറ്റുമുട്ടുന്നു. കുല്‍ഗാമിലെ ആഷ്മുജിയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഒരു സായുധൻ കൊല്ലപ്പെട്ടു. എന്നാല്‍ ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ജമ്മുകശ്മീര്‍ പോലിസ് അറിയിച്ചു. ഒരാഴ്ചക്കിടെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലുകളില്‍ അഞ്ച് സായുധരെയാണ് സൈന്യം വധിച്ചത്.

കുൽഗാമിലെ പോംഭായി, ഗോപാൽപോര എന്നിവിടങ്ങളിലും ഈയാഴ്ച ഏറ്റുമുട്ടലുകൾ നടന്നിരുന്നു. ഗോപാൽപോരയിൽ നടന്ന ഏറ്റുമുട്ടലിലാണ് സായുധ സംഘടനയായ ടിആർഎഫിന്റെ കമാൻഡർ അഫാഖിനെ സൈന്യം വധിച്ചത്. മേഖലയിൽ സാധാരണക്കാർക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പോലിസ് ആരോപിക്കുന്നത്.

സായുധരിൽ നിന്ന് ആയുധങ്ങളും കണ്ടെത്തിയിരുന്നു. പുൽവാമയിൽ രണ്ട് സായുധരെ ഈ ആഴ്ച ജമ്മു കശ്മീർ പോലിസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തെന്നാണ് പോലിസ് ആരോപിക്കുന്നത്. ബാരാമുള്ളയിൽ സൈന്യവും സായുധരും തമ്മിൽ നടന്ന ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാന്മാർക്കും രണ്ട് നാട്ടുകാർക്കും പരിക്കേറ്റിരുന്നു.

ജമ്മു കശ്മീരിലെ സുരക്ഷ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾക്ക് നിർദേശം നൽകിയിരുന്നു. സായുധരെ തടയാനായി കശ്മീരിൽ പ്രവർത്തന പരിചയമുള്ള എൻഐഎ അടക്കമുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെയും നിയോഗിക്കാനായിരുന്നു തീരുമാനം.

Next Story

RELATED STORIES

Share it