India

യുപിയില്‍ മാതൃഭാഷയായ ഹിന്ദി പരീക്ഷയില്‍ തോറ്റത് എട്ടുലക്ഷം വിദ്യാര്‍ഥികള്‍

ഹൈസ്‌കൂള്‍ പരീക്ഷയില്‍ 5.28 ലക്ഷം വിദ്യാര്‍ഥികളും 12ാം ക്ലാസില്‍ 2.70 വിദ്യാര്‍ഥികളുമാണ് സംസ്ഥാനത്ത് ഹിന്ദി വിഷയത്തില്‍ പരാജയപ്പെട്ടത്. ഹൈസ്‌കൂള്‍, പ്ലസ്ടു ക്ലാസുകളിലായി 2.39 ലക്ഷം വിദ്യാര്‍ഥികള്‍ ഹിന്ദി പരീക്ഷ എഴുതിയതുമില്ല.

യുപിയില്‍ മാതൃഭാഷയായ ഹിന്ദി പരീക്ഷയില്‍ തോറ്റത് എട്ടുലക്ഷം വിദ്യാര്‍ഥികള്‍
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷാഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മാതൃഭാഷയായ ഹിന്ദി പരീക്ഷയില്‍ തോറ്റത് എട്ടുലക്ഷം വിദ്യാര്‍ഥികള്‍. ഉത്തര്‍പ്രദേശ് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പരീക്ഷകളിലാണ് ഹിന്ദി വിഷയത്തിലെ ദയനീയതോല്‍വി. ശനിയാഴ്ചയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. ഹൈസ്‌കൂള്‍ പരീക്ഷയില്‍ 5.28 ലക്ഷം വിദ്യാര്‍ഥികളും 12ാം ക്ലാസില്‍ 2.70 വിദ്യാര്‍ഥികളുമാണ് സംസ്ഥാനത്ത് ഹിന്ദി വിഷയത്തില്‍ പരാജയപ്പെട്ടത്. ഹൈസ്‌കൂള്‍, പ്ലസ്ടു ക്ലാസുകളിലായി 2.39 ലക്ഷം വിദ്യാര്‍ഥികള്‍ ഹിന്ദി പരീക്ഷ എഴുതിയതുമില്ല. ഇതോടെ ഹിന്ദി പരീക്ഷയില്‍ പരാജയപ്പെട്ടവരുടെ എണ്ണം 10 ലക്ഷത്തോളമായി.

55 ലക്ഷം വിദ്യാര്‍ഥികളായിരുന്നു യുപിയില്‍ ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞവര്‍ഷം യുപിയില്‍ ഹിന്ദി പരീക്ഷയില്‍ പരാജയപ്പെട്ടത് പത്തുലക്ഷം വിദ്യാര്‍ഥികളായിരുന്നു. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസില്‍ 5.74 ലക്ഷം വിദ്യാര്‍ഥികളും പ്ലസ്ടുവില്‍ രണ്ടുവിഷയങ്ങളിലായി 4.1 ലക്ഷം വിദ്യാര്‍ഥികളുമായിരുന്നു പരാജയപ്പെട്ടിരുന്നത്. സംസ്ഥാനത്തെ ഹിന്ദി ഭാഷയുടെ ദയനീയ അവസ്ഥയാണ് ഈ പരീക്ഷാഫലം കാണിക്കുന്നത്. ഇത്രയും മോശം സാഹചര്യത്തിന് കാരണക്കാര്‍ അധ്യാപകരും വിദ്യാര്‍ഥികളും മാതാപിതാക്കളുമാണെന്നാണ് ഭാഷാവിദഗ്ധര്‍ കുറ്റപ്പെടുത്തുന്നത്.

ഹിന്ദി ഭാഷയെ ആരും ഗൗരവത്തിലെടുക്കുന്നില്ലെന്നും അതാണ് ഇത്തരമൊരു പരീക്ഷാഫലത്തിന് കാരണമായതെന്നും അവര്‍ ആരോപിച്ചു. മാതാപിതാക്കള്‍ വീടുകളില്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹിന്ദിക്ക് പരിഗണന കൂടുതല്‍ നല്‍കുന്നില്ലെന്നും ലഖ്നോ സര്‍വകലാശാല ഹിന്ദി വകുപ്പിലെ മുന്‍ ഫാക്കല്‍റ്റി ഡോ. ആര്‍ സി ത്രിപാഠി പറയുന്നു. ഹിന്ദി മാതൃഭാഷയായതിനാല്‍ എളുപ്പത്തില്‍ പരീക്ഷ പാസാവുമെന്നും അതിനാല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യമില്ലെന്നും വിദ്യാര്‍ഥികള്‍ കരുതുന്നു. ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിന് യോഗ്യരായ അധ്യാപകര്‍ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it