India

യുപി സര്‍ക്കാരിന്റെ നിയമവിരുദ്ധ പിരിച്ചുവിടലിനെതിരേ ഡോ.കഫീല്‍ഖാന്‍ അലഹബാദ് ഹൈക്കോടതിയില്‍

യുപി സര്‍ക്കാരിന്റെ നിയമവിരുദ്ധ പിരിച്ചുവിടലിനെതിരേ ഡോ.കഫീല്‍ഖാന്‍ അലഹബാദ് ഹൈക്കോടതിയില്‍
X

ലഖ്‌നോ: ഘോരഗ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഒക്‌സിജന്‍ കിട്ടാതെ നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ കള്ളക്കേസില്‍ കുടുക്കി യുപി സര്‍ക്കാര്‍ ജയിലിലടച്ചതിന് പിന്നാലെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരേ ശിശുരോഗ വിദഗ്ധന്‍ ഡോ.കഫീല്‍ഖാന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. യുപി സര്‍ക്കാരിന്റെ നിയമവിരുദ്ധ പിരിച്ചുവിടല്‍ ഉത്തരവ് ചോദ്യംചെയ്ത് ഡോ. കഫീല്‍ഖാന്‍ സമര്‍പ്പിച്ച ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസ് രാജന്‍ റോയ് ഹരജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. 2017ലാണ് ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ചെയ്യവെ കഫീല്‍ഖാനെ ആദ്യം സസ്‌പെന്റ് ചെയ്യുന്നത്.

ഓക്‌സിജനില്ലാത്ത സാഹചര്യത്തില്‍ സ്വന്തം പണം ഉപയോഗിച്ച് സിലിണ്ടറുകളെത്തിച്ച് അറുപതോളം കുട്ടികളുടെ ജീവന്‍ രക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതെത്തുടര്‍ന്നാണ് ഓക്‌സിജനില്ലാതായതിന്റെ ഉത്തരവാദിത്തം കഫീല്‍ഖാനാണെന്ന് ആരോപിച്ച് യുപി സര്‍ക്കാര്‍ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്. കഫീല്‍ഖാനെതിരേയുള്ള യുപി സര്‍ക്കാരിന്റെ വേട്ട ആഗോളതലത്തില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. എന്നാല്‍, അതേവര്‍ഷംതന്നെ ബഹ്‌റൈച്ച് ജില്ലയിലെ ആശുപത്രിയില്‍ രോഗികളെ നിര്‍ബന്ധിച്ച് ചികില്‍സിച്ചെന്നാരോപിച്ച് ഡോ. കഫീല്‍ഖാനെ യുപി സര്‍ക്കാര്‍ വീണ്ടും സസ്‌പെന്റ് ചെയ്ത് പകവീട്ടുകയായിരുന്നു. ഈ നടപടി അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

2018 ല്‍ ചില വിദേശികളുമായി ഖാന്‍ ആശുപത്രിയുടെ പീഡിയാട്രിക് വിഭാഗത്തില്‍ പ്രവേശിക്കുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തുവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരോപിക്കുന്നു. 2017 ലെ സംഭവത്തില്‍ ഇതിനകം സസ്‌പെന്‍ഷനിലായതിനാല്‍ സമാനമായ മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍ സര്‍ക്കാര്‍ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. തന്നെ സസ്‌പെന്‍ഡ് ചെയ്യാനുള്ള രണ്ടാമത്തെ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു, എന്നാല്‍, തനിക്കെതിരായ അന്വേഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും കഫീല്‍ഖാന്‍ കോടതിയെ അറിയിച്ചു.

സസ്‌പെന്‍ഷനെതിരായ നിയമപോരാട്ടം തുടരുന്നതിനിടെയാണ് അദ്ദേഹത്തെ 2021 നവംബര്‍ 9ന് യുപി സര്‍ക്കാര്‍ പിരിച്ചുവിടുന്നത്. 2017 ആഗസ്തിലാണ് ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് 60 ലധികം കുട്ടികള്‍ മരിക്കാനിടയായ ദാരുണസംഭവമുണ്ടായത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിനിടയാക്കിയതെന്ന് കഫീല്‍ഖാന്‍ പരസ്യമായി പറഞ്ഞു. മാത്രവുമല്ല ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞ പിഞ്ചുമക്കള്‍ക്ക് സ്വന്തം ചെലവില്‍ ഓക്‌സിജന്‍ വാങ്ങിനല്‍കിയും കഫീല്‍ ഖാന്‍ ശ്രദ്ധനേടി. എന്നാല്‍, അധികൃതര്‍ ഇതിനോട് പ്രതികരിച്ചത് അതിക്രൂരമായാണ്. ഓക്‌സിജന്‍ ക്ഷാമത്തിന് എതിരെ പ്രതികരിച്ച കഫീല്‍ഖാനും മറ്റു ഒന്‍പത് പേര്‍ക്കുമെതിരെ കേസെടുത്ത ഭരണകൂടം കഫീല്‍ഖാനെ ജയിലിലടക്കുകയും ചെയ്തു.

പിന്നീട് നിയമപോരാട്ടത്തിനൊടുവില്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജയില്‍ മോചിതനായ അദ്ദേഹം യുപിയില്‍നിന്ന് രാജസ്ഥാനിലേക്ക് അഭയം തേടുകയായിരുന്നു. കഫീല്‍ഖാനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. 2019 ഏപ്രില്‍ 15 ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ഡോ. കഫീല്‍ഖാന്‍ നിരപരാധിയാണെന്ന് കണ്ടെത്തി. ഡോ. കഫീല്‍ഖാനെതിരേ അഴിമതിക്കോ അശ്രദ്ധയ് ക്കോ തെളിവില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഫീല്‍ഖാനെതിരായ നടപടി പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനിടയിലാണ് അദ്ദേഹത്തെ പിരിച്ചുവിട്ട് യുപി സര്‍ക്കാര്‍ വീണ്ടും പകവീട്ടിയത്.

Next Story

RELATED STORIES

Share it