India

അമേരിക്കയിലെ കൊവിഡ് ചികില്‍സ: മോദിയോട് മലേറിയ മരുന്ന് അഭ്യര്‍ഥിച്ച് ട്രംപ്

മലേറിയ ചികില്‍സയ്ക്കുപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതെത്തുടര്‍ന്നാണ് ട്രംപ് ഇന്ത്യയോട് അഭ്യര്‍ഥന നടത്തിയത്.

അമേരിക്കയിലെ കൊവിഡ് ചികില്‍സ: മോദിയോട് മലേറിയ മരുന്ന് അഭ്യര്‍ഥിച്ച് ട്രംപ്
X

വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയോട് സഹായാഭ്യര്‍ഥനയുമായി പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രംഗത്ത്. കൊവിഡ് ചികില്‍സയ്ക്കായി മലേറിയ മരുന്നുകള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ട്രംപ് അഭ്യര്‍ഥിച്ചു. മലേറിയ ചികില്‍സയ്ക്കുപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതെത്തുടര്‍ന്നാണ് ട്രംപ് ഇന്ത്യയോട് അഭ്യര്‍ഥന നടത്തിയത്. മോദിയുമായി സംസാരിച്ചെന്നും അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയിലേര്‍പ്പെടുത്തിയിരിക്കുന്ന നിരോധനത്തില്‍ ഇളവ് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചതായും ട്രംപ് വെളിപ്പെടുത്തി.

വൈറ്റ് ഹൗസില്‍ നടന്ന കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ അവലോകനയോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഈ ആവശ്യമുന്നയിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ താനും മരുന്ന് കഴിക്കാന്‍ തയ്യാറാണ്. ഇന്ത്യ ഈ മരുന്ന് കൂടുതല്‍ നിര്‍മിക്കുന്നുണ്ട്. എന്നാല്‍, അവിടുത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങള്‍ക്കുവേണ്ടി അവര്‍ക്ക് ഒരുപാട് മരുന്ന് ആവശ്യമുണ്ട്. സ്ട്രാറ്റജിക് നാഷനല്‍ സ്റ്റോക്ക്‌പൈല്‍ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും ട്രംപ് അറിയിച്ചു. ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തിയ കാര്യം മോദിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

കൊവിഡ് സംബന്ധിച്ച് ഞങ്ങള്‍ നല്ല ചര്‍ച്ച നടത്തി. കൊവിഡിനെതിരേ മുഴുവന്‍ ശക്തിയുമുപയോഗിച്ച് ഒരുമിച്ച് പോരാടാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, രോഗം ബാധിച്ചവര്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്തതായി ട്വീറ്റില്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അമേരിക്കയില്‍ കുറഞ്ഞത് 23,949 പുതിയ കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 1,023 മരണങ്ങളും ഈ സമയത്ത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it