India

ബംഗാളില്‍ ബിജെപി അധ്യക്ഷനായി വീണ്ടും ദിലീപ് ഘോഷ്

രണ്ടാംതവണയാണ് ദിലീപ് ഘോഷ് ബംഗാളിലെ ബിജെപി അധ്യക്ഷ സ്ഥാനത്തേയ്‌ക്കെത്തുന്നത്. അടുത്ത മൂന്നുവര്‍ഷത്തേക്ക് ദിലീപ് ഘോഷ് അധ്യക്ഷനായി തുടരുമെന്ന് വ്യാഴാഴ്ചയാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്.

ബംഗാളില്‍ ബിജെപി അധ്യക്ഷനായി വീണ്ടും ദിലീപ് ഘോഷ്
X

കൊല്‍ക്കത്ത: വിവാദങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും പശ്ചിമബംഗാളില്‍ ബിജെപി അധ്യക്ഷനായി ദിലീപ് ഘോഷിനെ വീണ്ടും തിരഞ്ഞെടുത്തു. രണ്ടാംതവണയാണ് ദിലീപ് ഘോഷ് ബംഗാളിലെ ബിജെപി അധ്യക്ഷ സ്ഥാനത്തേയ്‌ക്കെത്തുന്നത്. അടുത്ത മൂന്നുവര്‍ഷത്തേക്ക് ദിലീപ് ഘോഷ് അധ്യക്ഷനായി തുടരുമെന്ന് വ്യാഴാഴ്ചയാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. 2021ല്‍ പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ദിലീപ് ഘോഷിനെ വീണ്ടും അധ്യക്ഷനാക്കിയത്. ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് ദിലീപ് ഘോഷ് നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 2021 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ജയിക്കാനാണ് ഞങ്ങളുടെ പോരാട്ടമെന്ന് അധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം പറഞ്ഞു. 2015 ഡിസംബറിലാണ് ദിലീപ് ഘോഷ് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാരണം, 2018 ഡിസംബറില്‍ കാലാവധി പൂര്‍ത്തിയായ ശേഷവും പാര്‍ട്ടി അധ്യക്ഷനായി ഘോഷ് തുടരുകയായിരുന്നു. വിവാദപ്രസ്താവനകള്‍കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന ബിജെപി നേതാവാണ് ഘോഷ്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവരെ നായ്ക്കളെ പോലെ വെടിവച്ചുവെന്നും പശു ഓക്‌സിജന്‍ ശ്വസിക്കുമെന്നും പറഞ്ഞ അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ വന്‍ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. പൊതുമുതല്‍ നശിപ്പിക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നായ്ക്കളെ പോലെ വെടിവച്ചുകൊന്നുവെന്നും ബംഗാളിലും ഈ മാതൃക നടപ്പാക്കണമെന്നുമായിരുന്നു ഘോഷിന്റെ വിവാദ പ്രസ്താവന. പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ചായിരുന്നു ഘോഷിന്റെ പ്രസ്താവന.

Next Story

RELATED STORIES

Share it