India

ഡല്‍ഹി അക്രമത്തില്‍ ചര്‍ച്ചയില്ലെന്ന നിലപാട്; പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധിക്കാനൊരുങ്ങി പ്രതിപക്ഷം

ഡല്‍ഹി കലാപത്തെക്കുറിച്ച് ഇന്നലെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാവിലെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഉച്ചതിരിഞ്ഞ് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ഹോളി അവധിക്ക് ശേഷം ചര്‍ച്ചയാവാമെന്ന് സ്പീക്കര്‍ നിലപാടെടുത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.

ഡല്‍ഹി അക്രമത്തില്‍ ചര്‍ച്ചയില്ലെന്ന നിലപാട്; പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധിക്കാനൊരുങ്ങി പ്രതിപക്ഷം
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തും. കഴിഞ്ഞ രണ്ടുദിവസമായി ഇക്കാര്യമുന്നയിച്ച് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. മൂന്നാംദിനവും ചര്‍ച്ചയില്ലെങ്കില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അങ്ങനെ വന്നാല്‍ ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ദമാവും. തുടക്കത്തില്‍ ചര്‍ച്ചയില്ലെന്ന നിലപാടെടുത്ത കേന്ദ്രസര്‍ക്കാര്‍ പിന്നീട് സ്പീക്കര്‍ പറയുന്ന സമയത്ത് ചര്‍ച്ചയാവാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഹോളിക്ക് ശേഷം ചര്‍ച്ചയെന്നായിരുന്നു ഇന്നലെ സര്‍ക്കാര്‍ പറഞ്ഞത്.

ഇത് പ്രതിപക്ഷം തള്ളിയിരുന്നു. സഭാനടപടികളുമായി മുന്നോട്ടുപോവാന്‍ സ്പീക്കര്‍ ശ്രമിച്ചപ്പോള്‍ അംഗങ്ങള്‍ക്കിടയില്‍ ഇന്നലെ ഉന്തും തള്ളും നടന്നു. ആലത്തൂര്‍ എംപി രമ്യാ ഹരിദാസും ബിജെപി വനിതാ എംപിയുമായാണ് ഇന്നലെ കൈയാങ്കളി നടന്നത്. പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതിനിടെ, സെക്രട്ടറി ജനറലിന്റെ ഇരിപ്പിടത്തിനടുത്തുള്ള ഗേറ്റ് അടിച്ചുതകര്‍ക്കാന്‍ ടി എന്‍ പ്രതാപന്‍ ശ്രമിച്ചതും സംഘര്‍ഷത്തിനിടയാക്കി. ഇനി അച്ചടക്കലംഘനമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാവുമെന്നും ഒരുവശത്തുനിന്ന് ഇറങ്ങി മറുവശത്തേക്ക് എംപിമാര്‍ പോയാല്‍ ഈ സമ്മേളനകാലയളവ് മുഴുവന്‍ സസ്‌പെന്റ് ചെയ്യുമെന്നും സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

ഇതെല്ലാം തെറ്റിച്ചതോടെ രമ്യാ ഹരിദാസിനെതിരേ അടക്കം സ്പീക്കര്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചന. ഡല്‍ഹി കലാപത്തെക്കുറിച്ച് ഇന്നലെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാവിലെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഉച്ചതിരിഞ്ഞ് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ഹോളി അവധിക്ക് ശേഷം ചര്‍ച്ചയാവാമെന്ന് സ്പീക്കര്‍ നിലപാടെടുത്തതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ വിഷയം നീട്ടിക്കൊണ്ടുപോവുന്നതിനെതിരെ സഭയ്ക്കു പുറത്തും ശക്തമായ പ്രതിഷേധമാണുയര്‍ന്നത്.

Next Story

RELATED STORIES

Share it