India

കൊവിഡ് വാക്‌സിന്‍ ലഭ്യമാവുന്നതുവരെ രാജ്യതലസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല: ഡല്‍ഹി ആരോഗ്യമന്ത്രി

61,000 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയത്. ഇതില്‍ 5000 ത്തിലധികം കേസുകള്‍ പോസിറ്റീവായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ശതമാനമാണ് നിലവില്‍ ഡല്‍ഹിയില്‍. ബുധനാഴ്ചത്തേക്കാള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഡല്‍ഹിയില്‍ നേരിയ തോതിലാണെങ്കിലും കുറഞ്ഞിട്ടുണ്ട്.

കൊവിഡ് വാക്‌സിന്‍ ലഭ്യമാവുന്നതുവരെ രാജ്യതലസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല: ഡല്‍ഹി ആരോഗ്യമന്ത്രി
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്‍ ലഭ്യമാവുന്നതുവരെ രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. ഇപ്പോള്‍ സ്‌കൂളുകള്‍ തുറക്കാന്‍ പദ്ധതികളൊന്നുമില്ല. ഒരു വാക്‌സിന്‍ ഉടന്‍ ലഭ്യമാവാന്‍ സാധ്യതയുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാവുന്നത് സംബന്ധിച്ച് ഞങ്ങള്‍ക്ക് പൂര്‍ണമായ ഉറപ്പുണ്ടാവുന്നതുവരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ല- ജെയിന്‍ പറഞ്ഞു. കൊവിഡ് മഹാമാരിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ആം ആദ്മി സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്ന് സത്യേന്ദ്ര ജെയിന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ആര്‍ടി-പിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. 35,000 സാംപിളുകളാണ് ശേഖരിക്കുന്നത്. ലാബുകളുടെ ശേഷി 35,000 ആണെങ്കിലും ഒരുദിവസത്തിനുള്ളില്‍ റിപോര്‍ട്ടുകള്‍ നല്‍കാന്‍ അവര്‍ക്ക് കഴിയില്ല. വൈറസ് മൂലമുള്ള മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് നടപ്പാക്കാവുന്ന പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിദഗ്ധരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 10 ദിവസമായി ഓരോ ദിവസവും നൂറോളം മരണങ്ങള്‍ നഗരത്തില്‍ നടക്കുന്നു. ഇന്നലെ വിദഗ്ധരുമായി ഒരു കൂടിക്കാഴ്ച നടന്നിരുന്നു. പ്രോട്ടോക്കോളുകള്‍ മാറ്റേണ്ട ആവശ്യമുണ്ടോയെന്നും അല്ലെങ്കില്‍ മരണസംഖ്യ കുറയ്ക്കുന്നതിന് എന്താണ് ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി അവരോട് ചോദിച്ചതായും മന്ത്രി പറഞ്ഞു.

61,000 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയത്. ഇതില്‍ 5000 ത്തിലധികം കേസുകള്‍ പോസിറ്റീവായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ശതമാനമാണ് നിലവില്‍ ഡല്‍ഹിയില്‍. ബുധനാഴ്ചത്തേക്കാള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഡല്‍ഹിയില്‍ നേരിയ തോതിലാണെങ്കിലും കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച ഇത് 8.5 ശതമാനമായിരുന്നു. നവംബര്‍ ഏഴിന് 15.2 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നവംബര്‍ 15ന് അത് 15.3 ശതമാനം വരെയെത്തി.

140 ദിവസത്തെ ഉയര്‍ന്ന നിരക്കായിരുന്നു ഇത്. രണ്ടാഴ്ചക്കാലം അഞ്ച് ശതമാനമോ അതില്‍ കുറവോ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിലനിര്‍ത്താനായാല്‍ കൊവിഡ് നിയന്ത്രണവിധേയമാണെന്ന് വിലയിരുത്താനാവുമെന്നും വിദഗ്ധര്‍ പറയുന്നു. അതേസമയം, തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളുടെ എണ്ണം കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ 843 ആയി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it