India

'ദേശദ്രോഹികളെ വെടിവയ്ക്കൂ' മുദ്രാവാക്യം മുഴക്കി പ്രകടനം നടത്താന്‍ ഡല്‍ഹി പോലിസിന്റെ അനുമതി

ഫെബ്രുവരി രണ്ടിന് ജന്തര്‍ മന്ദറിലാണ് സാകേത് ഗോഖലെ പ്രതിഷേധത്തിന് അനുമതി തേടിയത്. 'ദേശ് കെ ഗദ്ദറോണ്‍ കോ, ഗോലീ മാരോ സാലോം കോ' (ദേശദ്രോഹികളെ വെടിവച്ചുകൊല്ലൂ) എന്ന മുദ്രാവാക്യം വിളിക്കാനാണ് മാധ്യമപ്രവര്‍ത്തകന്‍ അനുമതി തേടിയത്.

ദേശദ്രോഹികളെ വെടിവയ്ക്കൂ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്താന്‍ ഡല്‍ഹി പോലിസിന്റെ അനുമതി
X

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ, ശാഹീന്‍ബാഗ് എന്നിവിടങ്ങളില്‍ സിഎഎ വിരുദ്ധസമരക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി നടന്ന വെടിവയ്പ്പുകള്‍ക്കുശേഷവും 'ദേശദ്രോഹികളെ വെടിവയ്ക്കൂ' എന്ന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്താന്‍ ഡല്‍ഹി പോലിസിന്റെ അനുമതി. മുന്‍ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സാകേത് ഗോഖലെയാണ് സമാനമായ ആവശ്യമുന്നയിച്ച് ഡല്‍ഹി പോലിസിനെ സമീപിച്ചത്. ദേശദ്രോഹികളെ വെടിവയ്ക്കൂ എന്നതടക്കമുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാനാണ് അനുമതി നല്‍കിയത്. ഡല്‍ഹി പോലിസിന്റെ വിചിത്രനടപടിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപകവിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഗോലി മാരോ മുദ്രാവാക്യം വിളിക്കാന്‍ അനുമതി തേടി ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് സാകേത് ഗോഖലെ അപേക്ഷ നല്‍കിയത്.


സാകേതിന്റെ ആവശ്യം പരിശോധിച്ച ഡല്‍ഹി പോലിസ് അനുമതി നല്‍കുകയാണ് ഏറ്റവുമൊടുവില്‍ ചെയ്തത്. റാലി നടത്തുന്നത് സിഎഎക്കെതിരെയല്ലല്ലോ എന്ന് അനുമതി നല്‍കുന്നതിന് മുമ്പായി പലപ്രാവശ്യം തന്നോട് ചോദിച്ചതായി സാകേത് ഗോഖലെ പറയുന്നു. ഡല്‍ഹി പോലിസിന്റെ മറുപടി തന്നെ ഞെട്ടിച്ചതായി സാകേത് ഗോഖലെ പറഞ്ഞു. ഫെബ്രുവരി രണ്ടിന് ജന്തര്‍ മന്ദറില്‍ വൈകീട്ട് അഞ്ചിനും ഏഴിനും ഇടയിലാണ് സാകേത് ഗോഖലെ സമാധാനപരമായ പ്രതിഷേധത്തിന് അനുമതി തേടിയത്. പ്രതിഷേധത്തില്‍ 100 പേര്‍ പങ്കെടുക്കുമെന്നും അറിയിച്ചു. 'ദേശ് കെ ഗദ്ദറോണ്‍ കോ, ഗോലീ മാരോ സാലോം കോ' (ദേശദ്രോഹികളെ വെടിവച്ചുകൊല്ലൂ) എന്ന മുദ്രാവാക്യം വിളിക്കാനാണ് മാധ്യമപ്രവര്‍ത്തകന്‍ അനുമതി തേടിയത്. കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂര്‍ ഡല്‍ഹിയിലെ ബിജെപി തിരഞ്ഞെടുപ്പ് റാലിയില്‍ ഇതേ കൊലവിളി മുദ്രാവാക്യം വിളിച്ചിരുന്നു.


കേന്ദ്രമന്ത്രി ഇത് വിളിക്കുകയും ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുവിളിക്കുകയുമായിരുന്നു. പ്രതിഷേധക്കാര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുമായി ബന്ധമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റച്ചട്ടം ലംഘിക്കില്ലെന്നും സാകേത് ഗോഖലെ കത്തില്‍ പറഞ്ഞിരുന്നു.

തനിക്ക് റാലി സംഘടിപ്പിക്കാന്‍ ഒരു പദ്ധതിയുമില്ലായിരുന്നെന്നും ഇങ്ങനെയൊരു മോശം അനുമതി നല്‍കുമ്പോള്‍ പോലിസ് എന്തായിരിക്കും ചിന്തിക്കുന്നതെന്നും ഇതെങ്ങനെയാണ് ശരിയാവുന്നതെന്നും സാകേത് ട്വിറ്ററിലൂടെ ചോദിച്ചു. ഡല്‍ഹി പോലിസ് നല്‍കിയ രേഖാമൂലമുള്ള അനുമതിയുമായി കോടതിയെ സമീപിക്കാനാണ് സാകേത് ഗോഖലെയുടെ തീരുമാനം.

Next Story

RELATED STORIES

Share it