Big stories

മുന്‍ ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ ബലാല്‍സംഗക്കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി 16ന്

കേസില്‍ സിബിഐയുടെ വാദം കേള്‍ക്കല്‍ തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. സാക്ഷിമൊഴികള്‍ അടച്ചിട്ട കോടതി മുറിയില്‍ രേഖപ്പെടുത്തുന്നത് ഡിസംബര്‍ രണ്ടിന് അവസാനിക്കുകയും ചെയ്തു. നേരത്തെ സുപ്രിംകോടതി വിധി പ്രകാരം ഡല്‍ഹിയിലേക്ക് മാറ്റിയ കേസിലാണ് ഇപ്പോള്‍ വിചാരണ പൂര്‍ത്തിയായത്.

മുന്‍ ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ ബലാല്‍സംഗക്കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി 16ന്
X

ന്യൂഡല്‍ഹി: ബിജെപി പുറത്താക്കിയ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പ്രതിയായ ഉന്നാവോ ബലാല്‍സംഗക്കേസില്‍ വിചാരണ പൂര്‍ത്തിയായി. കേസില്‍ ഈമാസം 16ന് ഡല്‍ഹിയിലെ വിചാരണക്കോടതി വിധി പറയുമെന്ന് ജില്ലാ ജഡ്ജ് ധര്‍മേഷ് ഷര്‍മ അറിയിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കേസില്‍ സിബിഐയുടെ വാദം കേള്‍ക്കല്‍ തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു. സാക്ഷിമൊഴികള്‍ അടച്ചിട്ട കോടതി മുറിയില്‍ രേഖപ്പെടുത്തുന്നത് ഡിസംബര്‍ രണ്ടിന് അവസാനിക്കുകയും ചെയ്തു. നേരത്തെ സുപ്രിംകോടതി വിധി പ്രകാരം ഡല്‍ഹിയിലേക്ക് മാറ്റിയ കേസിലാണ് ഇപ്പോള്‍ വിചാരണ പൂര്‍ത്തിയായത്. കേസില്‍ ഇരയായ പെണ്‍കുട്ടിയെയും ബന്ധുക്കളെയും അഭിഭാഷകനെയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയെത്തുടര്‍ന്ന് ഈ സംഭവത്തിന്റെ പേരില്‍ എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ട്. ഇതെത്തുടര്‍ന്ന് സുപ്രിംകോടതി സംഭവത്തില്‍ ഇടപെടുകയും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ചികില്‍സ ഡല്‍ഹി എയിംസിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയ സുപ്രിംകോടതി വിചാരണ നടപടികള്‍ 45 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്ന് ഡല്‍ഹി എയിംസിലെ ഒരുമുറി പ്രത്യേക കോടതിയാക്കി മാറ്റിയാണ് കേസിന്റെ വിചാരണ അതിവേഗം നടത്തിയത്. കേസില്‍ പ്രതിയായി ജയിലിലായിരുന്ന കുല്‍ദീപ് സിങ്ങിനെ വിചാരണയ്ക്കായി ഡല്‍ഹിയിലെത്തിച്ചിരുന്നു. 2017ല്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ എംഎല്‍എ സെന്‍ഗര്‍ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. സംഭവം നടക്കുമ്പോള്‍ പരാതിക്കാരിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല.

പിന്നീട് മൂന്നുപേര്‍ ചേര്‍ന്നും ഓടിക്കൊണ്ടിരുന്ന കാറില്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി. ജൂണ്‍ 20ന് പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോള്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടിച്ചു. പിന്നീട് കേസെടുത്തെങ്കിലും ബിജെപി എംഎല്‍എയെ പ്രതിസ്ഥാനത്തുനിന്നൊഴിവാക്കി. ബിജെപി എംഎല്‍എ പ്രതിസ്ഥാനത്തുവന്നതിനാല്‍ തുടക്കത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും അന്വേഷണം വൈകിപ്പിച്ചു. എന്നാല്‍, നീതി തേടി പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതോടെയാണ് പോലിസ് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്. എംഎല്‍എയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ആയുധനിയമം ചുമത്തി ഏപ്രില്‍ മൂന്നിന് പെണ്‍കുട്ടിയുടെ അച്ഛനെ പോലിസ് പിടികൂടി. ഏപ്രില്‍ അഞ്ചിന് ഇദ്ദേഹത്തെ ജയിലിലടച്ചു. ഇതിനുപിന്നാലെ പിതാവ് പപ്പു സിങ് ദുരൂഹസാഹചര്യത്തില്‍ ജയിലില്‍ മരിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it