India

കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചു; ദലിത് സഹോദരങ്ങള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം, വീട് കത്തിച്ചു

കേസ് പിന്‍വലിക്കണമെന്ന് യാദവ് കുടുംബം പലതവണ സമ്മര്‍ദം ചെലുത്തിയെങ്കിലും സഹോദരന്‍മാര്‍ വിസമ്മതിച്ചു. ഇതില്‍ കുപിതരായ പവന്‍ യാദവും 12 പേരടങ്ങുന്ന ആള്‍ക്കൂട്ടവും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ദോഹരെ സഹോദരന്‍മാരുടെ വീട്ടിലെത്തി ഇവരെ മര്‍ദ്ദിക്കുകയും വീടിന് തീവയ്ക്കുകയുമായിരുന്നു.

കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചു; ദലിത് സഹോദരങ്ങള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനം, വീട് കത്തിച്ചു
X

ഭോപ്പാല്‍: പോലിസ് കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതില്‍ പ്രകോപിതരായ ആള്‍ക്കൂട്ടം ദലിത് സഹോദരങ്ങളെ ക്രൂരമര്‍ദനത്തിനിരയാക്കി. മധ്യപ്രദേശിലെ ദാട്ടിയാ ജില്ലയിലെ ചരായ് ഗ്രാമത്തില്‍ കഴിഞ്ഞദിവസമായിരുന്നു മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. സന്ദീപ് ദോഹരെ, സാന്ത്രാം ദോഹരെ എന്നിവരാണു മര്‍ദ്ദനത്തിനിരയായത്. ഇതുകൊണ്ടും തൃപ്തിവരാത്ത അക്രമിസംഘം ഇവരുടെ വീടും കത്തിച്ചു. വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട് പവന്‍ യാദവ് എന്നയാളുമായി ഇവര്‍ക്ക് രണ്ടുവര്‍ഷമായി തൊഴില്‍തര്‍ക്ക കേസ് നിലവിലുണ്ട്.

എസ്‌സി, എസ്ടി നിയമപ്രകാരമാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസ് പിന്‍വലിക്കണമെന്ന് യാദവ് കുടുംബം പലതവണ സമ്മര്‍ദം ചെലുത്തിയെങ്കിലും സഹോദരന്‍മാര്‍ വിസമ്മതിച്ചു. ഇതില്‍ കുപിതരായ പവന്‍ യാദവും 12 പേരടങ്ങുന്ന ആള്‍ക്കൂട്ടവും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ദോഹരെ സഹോദരന്‍മാരുടെ വീട്ടിലെത്തി ഇവരെ മര്‍ദ്ദിക്കുകയും വീടിന് തീവയ്ക്കുകയുമായിരുന്നു. വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം റൈഫിളുകളും മഴുവും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്നു ദോഹരെ സഹോദരന്‍മാര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അഞ്ച് ബൈക്കുകളിലായാണ് സംഘമെത്തിയത്. പവന്‍ യാദവ്, കല്ലു യാദവ്, അവരുടെ നാല് ബന്ധുക്കള്‍, ഒരു അയല്‍ക്കാരന്‍ എന്നിവരെ പ്രതിചേര്‍ത്താണ് പോലിസില്‍ പരാതി നല്‍കിയത്. വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ അക്രമികള്‍ സഞ്ചരിച്ച അഞ്ച് ബൈക്കുകളില്‍ മൂന്നെണ്ണം കത്തിച്ചു. ബാക്കി വന്ന രണ്ടുബൈക്കുകളില്‍ സംഘം രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദോഹരെ സഹോദരന്‍മാരെ ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.

നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പോലിസെത്തിയാണ് ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ മധ്യപ്രദേശിലെ സാഗര്‍ നഗരത്തില്‍ 24കാരനായ ദലിത് യുവാവിനെ അയല്‍വാസികളായ നാലുപേര്‍ ജീവനോടെ ചുട്ടുകൊന്നത് വലിയ വിവാദമായിരുന്നു. പ്രതികള്‍ക്കെതിരേ പോലിസില്‍ നല്‍കിയ പരാതി പിന്‍വലിക്കാത്തതിന്റെ പേരിലായിരുന്നു ക്രൂരത.

Next Story

RELATED STORIES

Share it