India

മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ നഗരം വെള്ളത്തില്‍; വിമാന-ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ചെന്നൈ, ചെങ്കല്‍പ്പട്ട, കാഞ്ചീപുരം, തിരുവള്ളൂര്‍, റാണിപേട്ട്, വെല്ലൂര്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.

മിഷോങ് ചുഴലിക്കാറ്റ്: ചെന്നൈ നഗരം വെള്ളത്തില്‍; വിമാന-ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി
X
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് നാളെ കരതൊടുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയില്‍ തമിഴ്നാട്. തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ നാളെ രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. നിലവില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്ധ്രാ പ്രദേശ്, വടക്കന്‍ തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഇന്ന് രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനാണ് സാധ്യത.

ഇന്നലെ രാത്രി പെയ്ത മഴയില്‍ ചെന്നൈ നഗരത്തിന്റെ പ്രധാനമേഖലയില്‍ വെള്ളം കയറിയിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. വടപളനി, താംബരം തുടങ്ങിയ ഇടങ്ങളില്‍ വീടുകളില്‍ വെള്ളംകയറിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍കരുതലായി ചെന്നൈ അടക്കമുള്ള ആറ് ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈയില്‍നിന്നുള്ള 20 വിമാന സര്‍വീസുകളും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള 118 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. 23 വിമാനങ്ങള്‍ വൈകുമെന്ന അറിയിപ്പുമുണ്ട്. ചെന്നൈയിലേക്കുള്ള എട്ട് വിമാനങ്ങള്‍ ബെംഗളൂരുവിലിലേക്കു തിരിച്ചുവിട്ടു. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാല്‍ മുടങ്ങിയിട്ടുണ്ട്. ഇതിനിടെ ഹസന്‍ തടാകത്തിനു സമീപം മുതല ഇറങ്ങിയതായും പറയുന്നുണ്ട്. പുതുച്ചേരി ബീച്ച് റോഡില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അതിശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വൈദ്യുതിബന്ധവും ഇന്റര്‍നെറ്റും തകരാറിലാണ്. മുന്‍കരുതലെന്ന നിലയില്‍ വൈദ്യുതിബന്ധം പലയിടത്തും വിഛേദിച്ചിട്ടുമുണ്ട്. പൊതുജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിങ്ങാവൂ എന്നും രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന നിര്‍ദേശവും ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

മിഷോങ് ചുഴലിക്കാറ്റ് കര തൊടുമ്പോള്‍ ചെന്നൈ, ചെങ്കല്‍പ്പട്ട, കാഞ്ചീപുരം, തിരുവള്ളൂര്‍, റാണിപേട്ട്, വെല്ലൂര്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന്ധ്രപ്രദേശിന്റെയും ഒഡീഷയുടെയും തീരപ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് തീവ്രമഴയ്ക്കുള്ള സാധ്യതയുമുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയായതിനാല്‍ കടല്‍ പ്രക്ഷുബ്ധമാണ്. കടല്‍ത്തീരങ്ങളില്‍ കാറ്റിന്റെ വേഗം കൂടിയതിനാല്‍ 12 അടിവരെ ഉയരത്തിലാണ് തിരമാലകള്‍ കരയിലേക്ക് അടിക്കുന്നത്. മീന്‍പിടുത്തക്കാര്‍ കടലില്‍ ഇറങ്ങരുതെന്നും കടലില്‍ പോയവരോട് തിരിച്ചു വരാനും നിര്‍ദേശമുണ്ട്. മറീന ഉള്‍പ്പടെയുള്ള ബീച്ചുകളില്‍ സന്ദര്‍ശകര്‍ക്കു വിലക്കുണ്ട്. മുന്‍കരുതലെന്ന നിലയില്‍ തമിഴ്നാട്ടിലും പിതുച്ചേരിയിലും ആന്ധ്രാപ്രദേശിലും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ ഇടത്തരം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുണ്ട്.


Next Story

RELATED STORIES

Share it