India

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അനുമതി

ബംഗാളിലെ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസുമായുള്ള ധാരണയ്ക്കാണ് കേന്ദ്രകമ്മിറ്റിയുടെ പച്ചക്കൊടി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ റായ്ഗഞ്ചിലും, മുര്‍ഷിദാബാദിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ മാല്‍ഡ നോര്‍ത്ത്, മാല്‍ഡ സൗത്ത്, ജാംഗിപൂര്‍, ബേരംപൂര്‍ സീറ്റുകളില്‍ ഇടതുപക്ഷവും സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കേണ്ടതില്ലെന്നും ധാരണയായി.

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ അനുമതി
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി സംസ്ഥാന ഘടകത്തിന് അനുമതി നല്‍കി. ബംഗാളിലെ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസുമായുള്ള ധാരണയ്ക്കാണ് കേന്ദ്രകമ്മിറ്റിയുടെ പച്ചക്കൊടി. സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളായ റായ്ഗഞ്ചിലും, മുര്‍ഷിദാബാദിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തില്ല. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ മാല്‍ഡ നോര്‍ത്ത്, മാല്‍ഡ സൗത്ത്, ജാംഗിപൂര്‍, ബേരംപൂര്‍ സീറ്റുകളില്‍ ഇടതുപക്ഷവും സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കേണ്ടതില്ലെന്നും ധാരണയായി.

ബിജെപി, തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ പരമാവധി സമാഹരിക്കുക എന്ന സന്ദേശമാണ് പുതിയ നീക്കുപോക്കിലൂടെ നല്‍കുന്നതെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുന്നതിനെതിരേ കേരളഘടകം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തിന്റെ നീക്കത്തെ പിന്തുണച്ചെങ്കിലും കാരാട്ട് പക്ഷവും കേരള ഘടകവും ചേര്‍ന്ന് തടയിടുകയായിരുന്നു. പിന്നീട് നടന്ന ചര്‍ച്ചകളില്‍ കേരളഘടകത്തിന്റെ എതിര്‍പ്പ് മറികടന്ന് സിപിഎം- കോണ്‍ഗ്രസ് നീക്കുപോക്കിന് ധാരണയാവുകയായിരുന്നു. ബംഗാളില്‍ ധാരണയുണ്ടാവുമെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി യാതൊരുവിധത്തിലുള്ള സഖ്യത്തിനും തയ്യാറാവില്ലെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. കേരളത്തില്‍ ഇരുപാര്‍ട്ടികളും നേര്‍ക്കുനേര്‍ മല്‍സരിക്കുന്നത് തുടരും.

അതേസമയം, പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി നീക്കുപോക്കിനുള്ള സിപിഎം കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. കേരളത്തില്‍നിന്നുള്ള നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ ശക്തമായ നിലപാടെടുത്തെന്ന സൂചന നല്‍കുന്നതായിരുന്നു യെച്ചൂരിയുടെ വാക്കുകള്‍. എതിര്‍പ്പുണ്ടായിരുന്നെന്നും ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് നീക്കുപോക്കിന് ധാരണയുണ്ടാക്കുകയായിരുന്നുവെന്നും യെച്ചൂരി വ്യക്തമാക്കി. പ്രധാന എതിരാളി ബിജെപിയാണ്. തൃണമൂലിനെ പശ്ചിമബംഗാളില്‍ തറപറ്റിച്ചേ തീരൂ. കോണ്‍ഗ്രസിന്റെ നാലും സിപിഎമ്മിന്റെ രണ്ടും സിറ്റിങ് സീറ്റുകളില്‍ പരസ്പരം മല്‍സരിക്കില്ലെന്നാണ് ധാരണയായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമേ ഒരുസീറ്റില്‍കൂടി നീക്കുപോക്കുണ്ടായേക്കും.

അങ്ങനെയെങ്കില്‍ പശ്ചിമബംഗാളില്‍ ആകെ ഏഴ് സീറ്റുകളില്‍ സിപിഎം- കോണ്‍ഗ്രസ് നീക്കുപോക്ക് ഉരുത്തിരിയും. ബിജെപിയെ ഒന്നിച്ചുനിന്ന് നേരിടുകയെന്നതാണ് ലക്ഷ്യമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തി. സഖ്യം വേണമെന്ന പശ്ചിമബംഗാള്‍ ജില്ലാ ഘടകത്തിന്റെ നിലപാടിനെ നേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോയും ശരിവച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സീതാറാം യെച്ചൂരി സംസാരിച്ച ശേഷമാണ് കോണ്‍ഗ്രസ്- സിപിഎം അന്തിമധാരണയിലെത്തിയത്. ഒഡീഷയിലും സിപിഎം മല്‍സരിക്കാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിനാവും വോട്ട് നല്‍കുക.




Next Story

RELATED STORIES

Share it