India

സിപി രാധാകൃഷ്ണന്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

സിപി രാധാകൃഷ്ണന്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
X

ന്യൂഡല്‍ഹി: ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി പി രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ആരംഭിച്ച ബിജെപി ഉന്നത സമിതിയായ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. തമിഴ്‌നാട് സ്വദേശിയാണ് രാധാകൃഷ്ണന്‍.

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി പദം രാജിവച്ച ഒഴിവിലേക്കാണ് പുതിയ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് ഉറപ്പാക്കാന്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടുമെന്ന് ജെപി നഡ്ഡ പറഞ്ഞു. അതിനായി പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍എസ്എസിലൂടെ വളര്‍ന്നുവന്ന വ്യക്തിയാണ് ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സി.പി. രാധാകൃഷ്ണന്‍. 2003 മുതല്‍ 2006 വരെ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്നു. കോയമ്പത്തൂരില്‍നിന്ന് മുന്‍പ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2023 ഫെബ്രുവരി 18 മുതല്‍ 2024 ജൂലായ് 30 വരെ ജാര്‍ഖണ്ഡിന്റെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. പിന്നീട് കുറഞ്ഞ ദിവസങ്ങളില്‍ തെലങ്കാന ഗവര്‍ണറും പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവര്‍ണറുമായി സേവനം ചെയ്തു. 1957 ഒക്ടോബര്‍ 20-ന് തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ജനനം.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് അപ്രതീക്ഷിതമായി ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍കര്‍ രാജിവച്ചത്.ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയെ തിങ്കളാഴ്ച നിശ്ചയിച്ചേക്കും. ഇന്ത്യാ സഖ്യ പാര്‍ട്ടികളുടെ പാര്‍ലമെന്റിലെ നേതാക്കള്‍ രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it