India

കൊവിഡ് പ്രതിരോധം: 15,000 കോടിയുടെ പ്രത്യേക പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

കൊവിഡ് വ്യാപനം പരിഗണിച്ച് ദ്രുതപ്രതികരണത്തിനായി 7,774 കോടി രൂപയാണ് ഇതിനകം അനുവദിച്ചത്. അടുത്ത ഒന്നുമുതല്‍ നാലുവര്‍ഷത്തിനകം മിഷന്‍ മോഡ് രീതിയില്‍ ബാക്കി തുക നല്‍കും.

കൊവിഡ് പ്രതിരോധം: 15,000 കോടിയുടെ പ്രത്യേക പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ
X

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായുള്ള 15,000 കോടി രൂപയുടെ 'ഇന്ത്യ കൊവിഡ്- 19 ദ്രുതപ്രതികരണ, ആരോഗ്യസംവിധാന സജ്ജീകരണ പദ്ധതി'ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയത്. മൂന്നുഘട്ടങ്ങളിലായാണ് ഈ തുക വിനിയോഗിക്കുന്നത്. കൊവിഡ് വ്യാപനം പരിഗണിച്ച് ദ്രുതപ്രതികരണത്തിനായി 7,774 കോടി രൂപയാണ് ഇതിനകം അനുവദിച്ചത്. അടുത്ത ഒന്നുമുതല്‍ നാലുവര്‍ഷത്തിനകം മിഷന്‍ മോഡ് രീതിയില്‍ ബാക്കി തുക നല്‍കും.

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള പരിശോധനാസംവിധാനങ്ങളുടെ വികസനം, കൊവിഡ് പ്രത്യേക ചികില്‍സാസൗകര്യങ്ങള്‍, അവശ്യചികില്‍സാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും കേന്ദ്രീകൃത സംവിധാനമൊരുക്കല്‍, ഭാവിയിലുണ്ടായേക്കാവുന്ന വ്യാപനം തടയുന്നതിനായി കേന്ദ്ര-സംസ്ഥാന ആരോഗ്യമേഖലകളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുക, പരിശോധനാകേന്ദ്രങ്ങളും നിരീക്ഷണസംവിധാനവും ഒരുക്കുക, ജൈവസുരക്ഷാ ഒരുക്കങ്ങള്‍, മഹാമാരിയെക്കുറിച്ചുള്ള ഗവേഷണം, സമൂഹത്തിലെ വിവിധ തുറകളില്‍ സജീവമായി ഇടപെട്ട് അപകടസാധ്യതകളെക്കുറിച്ചുള്ള ആശയവിനിമയം ഉറപ്പാക്കല്‍ എന്നിവയിലൂടെ കൊവിഡ് വ്യാപനം മന്ദഗതിയിലാക്കാനും പ്രതിരോധിക്കാനുമുള്ള നടപടികള്‍ കേന്ദ്രപദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍പെടുന്നു.

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലാണ് ഈ പദ്ധതിക്കായുള്ള ഇടപെടലുകളും സംരംഭംങ്ങളും നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ മറ്റു മന്ത്രാലയങ്ങളുടെയെല്ലാം സഹകരണത്തോടെ താഴെപ്പറയും പ്രകാരമുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയിട്ടുള്ളത്: പ്രത്യേക കൊവിഡ് ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, കൊവിഡ് കെയര്‍ സെന്ററുകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പദ്ധതിക്കു കീഴില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി 3,000 കോടി രൂപ അധികമായി അനുവദിച്ചു. ക്വാറന്റൈന്‍, ഐസൊലേഷന്‍, പരിശോധന, ചികില്‍സ, രോഗനിയന്ത്രണം, രോഗമുക്തി, സാമൂഹിക അകലം, നിരീക്ഷണം എന്നിവയ്ക്കായുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളും പെരുമാറ്റച്ചട്ടവും ഉപദേശങ്ങളും നല്‍കി.

തീവ്രരോഗബാധിത പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെ ആവശ്യമായ നിയന്ത്രണങ്ങള്‍ നടപ്പാക്കി. പരിശോധനാലാബുകളുടെ ശൃംഖല വിപുലീകരിച്ച് നമ്മുടെ പരിശോധനാശേഷി അനുദിനം വര്‍ധിപ്പിക്കുന്നു. ദേശീയ ക്ഷയരോഗനിര്‍മാര്‍ജന പദ്ധതിക്കു കീഴില്‍ നിലവിലുള്ള വിവിധ രോഗങ്ങള്‍ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പരിശോധനാശേഷി വര്‍ധിപ്പിക്കുന്നതിനായി 13 ലക്ഷം പരിശോധനാ കിറ്റുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയുടെ ഭാഗമായി കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കമ്മ്യൂണിറ്റി ഹെല്‍ത്ത് വോളന്റിയര്‍മാര്‍ (ആശ) ഉള്‍പ്പെടെയുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്.

വ്യക്തിഗതസുരക്ഷാ ഉപകരണങ്ങള്‍ (പിപിഇ), എന്‍ 95 മുഖാവരണങ്ങള്‍, വെന്റിലേറ്ററുകള്‍, പരിശോധനാ കിറ്റുകള്‍, ചികില്‍സയ്ക്കുള്ള മരുന്നുകള്‍ എന്നിവ കേന്ദ്രീകൃത സംവിധാനത്തില്‍ ശേഖരിക്കുന്നുമുണ്ട്. വിവിധ തലങ്ങളില്‍ ദേശീയാരോഗ്യസ്ഥാപനങ്ങളുടെ ശേഷി വര്‍ധിപ്പിക്കലും മഹാമാരി അടിസ്ഥാനമാക്കിയ ഗവേഷണങ്ങളും ഇതില്‍പെടും. സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പദ്ധതിയില്‍ മാറ്റംവരുത്താനും നടപ്പാക്കല്‍ രീതിയില്‍ വിവിധ മേഖലകളുമായി സഹകരിച്ചുപ്രവര്‍ത്തിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it