India

ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി എയിംസിലെ പ്രത്യേക കോടതി മുറിയില്‍ രേഖപ്പെടുത്തി

പ്രത്യേക കോടതി ജഡ്ജി ധര്‍മേശ് ശര്‍മയാണ് എയിംസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഇതിനിടെ ബലാല്‍സംഗക്കേസിലെ പ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിനെയും എയിംസിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തുന്നതിന്റെ ഭാഗമായാണ് ഇയാളെ ഇവിടെയെത്തിച്ചത്.

ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി എയിംസിലെ പ്രത്യേക കോടതി മുറിയില്‍ രേഖപ്പെടുത്തി
X

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കഴിയുന്ന ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രത്യേക കോടതി ജഡ്ജി ധര്‍മേശ് ശര്‍മയാണ് എയിംസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തിയത്. ഇതിനിടെ ബലാല്‍സംഗക്കേസിലെ പ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ് സെന്‍ഗാറിനെയും എയിംസിലെത്തിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ നടത്തുന്നതിന്റെ ഭാഗമായാണ് ഇയാളെ ഇവിടെയെത്തിച്ചത്.

പ്രത്യേക കോടതി മുറിയില്‍ ദിവസേന വിചാരണ നടക്കും. രഹസ്യവിചാരണയായതിനാല്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. അവശനിലയിലായവരുടെ മൊഴിയെടുക്കാന്‍ ജഡ്ജിമാര്‍ ആശുപത്രിയിലെത്താറുണ്ടെങ്കിലും ആശുപത്രിയില്‍തന്നെ താല്‍ക്കാലിക കോടതി സ്ഥാപിക്കുന്നത് അപൂര്‍വമായ നടപടിയാണ്. എയിംസില്‍ പ്രത്യേക കോടതി സ്ഥാപിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കര്‍ശനനിര്‍ദേശങ്ങളാണ് ഇതിനായി കോടതി നല്‍കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് എയിംസില്‍ പ്രത്യേക കോടതി അനുവദിച്ചത്. നേരത്തെ പെണ്‍കുട്ടിയില്‍നിന്ന് സിബിഐ മൊഴിയെടുത്തിരുന്നു. അപകടത്തിന് പിന്നിലും തന്നെ ബലാല്‍സംഗം ചെയ്ത ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറും കൂട്ടാളികളുമാണെന്നാണ് പെണ്‍കുട്ടി സിബിഐയോട് പറഞ്ഞത്.

ജൂലൈ 28നാണ് റായ്ബറേലിയില്‍വച്ച് ഉന്നാവോ പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ അപകടത്തില്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ആദ്യം ലഖ്‌നോവിലെ ആശുപത്രിയിലും പിന്നീട് സുപ്രിംകോടതി നിര്‍ദേശപ്രകാരം ഡല്‍ഹി എയിംസിലുമെത്തിക്കുകയായിരുന്നു. എന്നാല്‍, ഗുരുതരാവസ്ഥ ഇനിയും തരണംചെയ്യുകയോ ബോധം വീഴുകയോ ചെയ്തിട്ടില്ലാത്ത പെണ്‍കുട്ടിയുടെ അഭിഭാഷകന്റെ മൊഴിയെടുക്കാന്‍ സിബിഐയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് പെണ്‍കുട്ടിയെ ഐസിയുവില്‍നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്.

Next Story

RELATED STORIES

Share it