India

കൊറോണ: 42 മലയാളികള്‍ അടക്കമുള്ള യാത്രക്കാരുമായി ചൈനയില്‍ നിന്ന് ആദ്യ സംഘം ഡല്‍ഹിയില്‍

കൊറോണ: 42 മലയാളികള്‍ അടക്കമുള്ള യാത്രക്കാരുമായി ചൈനയില്‍ നിന്ന് ആദ്യ സംഘം ഡല്‍ഹിയില്‍
X

ന്യൂഡല്‍ഹി: വുഹാനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തി. 42 മലയാളികള്‍ അടക്കം 324 പേരാണ് എത്തിയത്. ഇവരെ ഡല്‍ഹി വിമാനത്താവളത്തില്‍ മെഡിക്കല്‍ സംഘത്തിന്റെ ആദ്യ പരിശോധനയ്ക്ക് ശേഷം ഹരിയാനയില്‍ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ ക്യാംപുകളിലേക്ക് മാറ്റും. 14 ദിവസം ഇവരെ നിരീക്ഷിച്ച് ആവശ്യമായ ചികില്‍സകള്‍ക്കു ശേഷം മാത്രമേ വീടുകളിലേക്ക് അയക്കുകയുള്ളു. അതേസമയം, കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ചൈന ആറ് ഇന്ത്യക്കാര്‍ക്ക് യാത്രാനുമതി നിഷേധിച്ചു. പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയവര്‍ക്കാണ് യാത്രാനുമതി നല്‍കാതിരുന്നത്.

234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം രാവിലെയാണ് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 211 വിദ്യാര്‍ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്. ഇവര്‍ 56 പേരുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്. ഇന്നലെ അര്‍ധരാത്രിക്കു ശേഷമാണ് എയര്‍ ഇന്ത്യയുടെ വിമാനം വുഹാനിലേക്ക് പുറപ്പെട്ടത്. മടങ്ങിയെത്തുന്ന വിദ്യാര്‍ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐടിബിപി ക്യാംപിലേക്കും മാറ്റും. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.

അതേസമയം കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാനായുള്ള രണ്ടാമത്തെ വിമാനവും ഇന്ന് വുഹാനിലേക്ക് പുറപ്പെടും. ഒറ്റ മുറിക്കുള്ളില്‍ നിരവധി പേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരേ വുഹാനില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഒന്നിച്ച് താമസിപ്പിക്കുന്നതിനിടയില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അണുബാധയുണ്ടെങ്കില്‍ അത് മറ്റുള്ളവര്‍ക്കും പകരാന്‍ സാധ്യതയുണ്ട് എന്നതാണ് അവര്‍ പറയുന്നത്.




Next Story

RELATED STORIES

Share it