India

അസമില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍

അസമില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍
X

ഗുവാഹത്തി: രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്രക്ക് പിന്നാലെ അസമില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഉള്‍പ്പെടെ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ അസമിലെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നില കൂടുതല്‍ പരുങ്ങലിലായി. പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റും നോര്‍ത്ത് കരിംഗഞ്ചില്‍ നിന്നുള്ള എംഎല്‍എയുമായ കമലാഖ്യദേ പുര്‍കയസ്ത ബുധനാഴ്ച തന്റെ സ്ഥാനം രാജിവച്ച് ബിജെപി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ മംഗല്‍ദോയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ബസന്ത ദാസും ബിജെപി സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ചു.

പാര്‍ട്ടി സംസ്ഥാന ഘടകം പ്രസിഡന്റ് ഭൂപന്‍ കുമാര്‍ ബോറയ്ക്ക് അയച്ച കത്തില്‍ പുര്‍ക്കയസ്ത തന്റെ സ്ഥാനം രാജിവച്ചതായും എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗമായി തുടരുന്നതായും അറിയിച്ചു. അടുത്ത ദിവസങ്ങളില്‍, കൂടുതല്‍ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ തന്റെ സര്‍ക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇത്തരം ആളുകളുടെ ഉള്ളിലിരിപ്പ് പുറത്തുവരുന്നത് കോണ്‍ഗ്രസിന് നല്ലതാണെന്ന് മാത്രമേ പറയാന്‍ കഴിയൂവെന്നും പാര്‍ട്ടിയുടെ സംസ്ഥാന ഇന്‍ചാര്‍ജ് ജിതേന്ദ്ര സിങ്ങിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എംഎല്‍എമാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ കുമാര്‍ ബോറ പറഞ്ഞു. 2022-ല്‍, രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിന് സൗത്ത് കരിംഗഞ്ച് എംഎല്‍എ സിദ്ദിഖ് അഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 29 സീറ്റുകള്‍ മാത്രമേ നേടിയിരുന്നുള്ളൂ. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ അതിന്റെ രണ്ട് നിയമസഭാംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ എണ്ണം 27 ആയി കുറഞ്ഞു.





Next Story

RELATED STORIES

Share it