India

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പരിശോധന; കപ്പലില്‍നിന്ന് 300 കോടിയുടെ കെറ്റാമിന്‍ പിടികൂടി

സംശയാസ്പദമായ സഹാചര്യത്തില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കണ്ടെത്തിയ മ്യാന്‍മര്‍ കപ്പലില്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയിലാണ് കെറ്റാമിന്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പരിശോധന; കപ്പലില്‍നിന്ന് 300 കോടിയുടെ കെറ്റാമിന്‍ പിടികൂടി
X

പോര്‍ട്ട് ബ്ലെയര്‍: കാര്‍ നിക്കോബാര്‍ ദ്വീപില്‍നിന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 1,160 കിലോ വരുന്ന കെറ്റാമിന്‍ മയക്കുമരുന്ന് പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 300 കോടി രൂപ വിലവരുന്ന കെറ്റാമിനാണ് പിടിച്ചെടുത്തത്. സംശയാസ്പദമായ സഹാചര്യത്തില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ കണ്ടെത്തിയ മ്യാന്‍മര്‍ കപ്പലില്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയിലാണ് കെറ്റാമിന്‍ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. ഒരു കിലോയുടെ പായ്ക്കറ്റുകളാക്കിയാണ് കെറ്റാമിന്‍ വച്ചിരുന്നത്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വിമാനം പതിവ് നിരീക്ഷണം നടത്തുന്നതിനിടെയാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കപ്പല്‍ തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. സപ്തംബര്‍ 14ന് മ്യാന്‍മറിലെ ഡാംസണ്‍ ബേയില്‍നിന്നാണ് കപ്പല്‍ യാത്ര ആരംഭിച്ചതെന്നും തായ്‌ലന്‍ഡ്- മലേസ്യ സമുദ്രാതിര്‍ത്തിക്ക് സമീപത്തുവച്ച് മറ്റൊരു ബോട്ടിലേക്ക് തോക്കുകളടങ്ങിയ ബാഗുകള്‍ കൈമാറാനായിരുന്നു പദ്ധതിയെന്നും ചോദ്യം ചെയ്തപ്പോള്‍ കപ്പല്‍ ജീവനക്കാര്‍ കോസ്റ്റ്ഗാര്‍ഡിനോട് പറഞ്ഞതായി ദി ഹിന്ദു റിപോര്‍ട്ട് ചെയ്തു.

കപ്പലിലെ ആറ് ജീവനക്കാരെയും കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കപ്പലില്‍നിന്ന് 57 തോക്ക് ബണ്ടിലുകളും സംശയാസ്പദമായ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് നടത്തിയ പരിശോധനയില്‍ 6,000 കോടിയുടെ മയക്കുമരുന്നുകളും അനുബന്ധ ലഹരിവസ്തുക്കളും പിടികൂടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it