India

ഹാഥ്‌റസിലേത് കൂട്ടബലാല്‍സംഗക്കൊല തന്നെയെന്ന് സിബിഐ കുറ്റപത്രം

നാല് പ്രതികള്‍ക്കെതിരേയും കൂട്ടബലാല്‍സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയ സിബിഐ, ഹാഥ്‌റസിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ഹാഥ്‌റസിലേത് കൂട്ടബലാല്‍സംഗക്കൊല തന്നെയെന്ന് സിബിഐ കുറ്റപത്രം
X

ലഖ്‌നോ: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്തര്‍പ്രദേശിലെ ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കൊലപാതകക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഹാഥ്‌റസില്‍ നാല് യുവാക്കള്‍ ചേര്‍ന്ന് ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് അന്വേഷണ ഏജന്‍സിയായ സിബിഐയുടെ കണ്ടെത്തല്‍. നാല് പ്രതികള്‍ക്കെതിരേയും കൂട്ടബലാല്‍സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയ സിബിഐ, ഹാഥ്‌റസിലെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരേ എസ്‌സി/എസ്ടി അതിക്രമങ്ങള്‍ തടയാല്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സപ്തംബര്‍ 22ന് പെണ്‍കുട്ടി നല്‍കിയ മരണമൊഴി അടിസ്ഥാനമാക്കിയാണ് സിബിഐ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

സപ്തംബര്‍ 14 നാണ് 20 കാരിയായ ദലിത് യുവതിയെ ഹാഥ്‌റസില്‍ സവര്‍ണജാതിയില്‍പ്പെട്ട നാല് പുരുഷന്‍മാര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. സപ്തംബര്‍ 30ന്് യുവതിയെ വീടിനു സമീപം പോലിസ് സംസ്‌കരിച്ചത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അനുമതിയില്ലാതെ മൃതദേഹം അര്‍ധരാത്രി സംസ്‌കരിച്ചത് രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ഹാഥ്‌റസ് കേസ് യുപി പോലിസ് കൈകാര്യം ചെയ്തതിനെതിരേയും വ്യാപകവിമര്‍ശനമുയര്‍ന്നു. പ്രതികള്‍ക്ക് അനുകൂലമായും പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരേയും പോലിസ് നീക്കങ്ങള്‍ നടത്തിയതിനെത്തുടര്‍ന്നാണ് കോടതിയുടെ ഇടപെടലുകളുണ്ടാവുകയും ചെയ്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ കേസ് സിബിഐയെ ഏല്‍പ്പിക്കുന്നത്. അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന സിബിഐയുടെ ആവശ്യത്തെത്തുടര്‍ന്ന് ഹാഥ്‌റസ് ബലാല്‍സംഗക്കൊലക്കേസ് പരിഗണിക്കുന്നത് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് ജനുവരി 27ലേക്ക് മാറ്റിവച്ചിരുന്നു.

ഡിസംബര്‍ പത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നാണ് നവംബര്‍ 25ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. പെണ്‍കുട്ടി കൊല്ലപ്പെട്ട് മൂന്നുമാസത്തിനുശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രിംകോടതിയുടെ ഉത്തരവ് അനുസരിച്ച് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ് സിബിഐ അന്വേഷണം നടന്നത്. പെണ്‍കുട്ടി ചികില്‍സ തേടിയ ജവഹലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും മൊഴികള്‍ ശേഖരിച്ചശേഷമാണ് സിബിഐ കുറ്റപത്രം തയ്യാറാക്കിയത്.

Next Story

RELATED STORIES

Share it