India

മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനമില്ല; മധ്യപ്രദേശില്‍ പോസ്റ്റര്‍, കേസെടുത്ത് പോലിസ്

സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ദിഗ് വിജയ് സിങ് രംഗത്തെത്തി.

മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനമില്ല; മധ്യപ്രദേശില്‍ പോസ്റ്റര്‍, കേസെടുത്ത് പോലിസ്
X

ഭോപ്പാല്‍: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലത്ത് മുസ്‌ലിം വിവേചനത്തിന്റെ പുതിയ വാര്‍ത്ത പുറത്തുവരുന്നത് മധ്യപ്രദേശില്‍നിന്നാണ്. മുസ്ലിം വ്യാപാരികള്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടാണ് മധ്യപ്രദേശിലെ ഗ്രാമത്തില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്‍ഡോര്‍ ജില്ലയിലെ സെമാല്‍പൂര്‍ ഗ്രാമത്തിലാണ് പോസ്റ്റര്‍ പതിച്ചത്. മുസ്ലിം വ്യാപാരികള്‍ക്ക് ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നുവെന്നാണ് ഹിന്ദിയില്‍ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ദെപാല്‍പൂര്‍ പോലിസ് അറിയിച്ചു.

ശത്രുതയും വിദ്വേഷവും വളര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി 505 (2) വകുപ്പുപ്രകാരമാണ് അജ്ഞാതര്‍ക്കെതിരേ കേസെടുത്തത്. പോസ്റ്റര്‍ നീക്കംചെയ്തിട്ടുണ്ട്. ഗ്രാമവാസികളെ ചോദ്യംചെയ്തുവരികയാണ്. പോസ്റ്റര്‍ പതിച്ചവരെക്കുറിച്ച് പ്രാദേശികമായി ചില വിവരങ്ങള്‍ ലഭിച്ചതായി ദെപാല്‍പൂര്‍ സ്റ്റേഷന്റെ ചുമതലയുള്ള ഗോപാല്‍ പാര്‍മറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. സ്‌റ്റേഷനില്‍നിന്ന് 13 കിലോമീറ്റര്‍ അകലെയാണ് പോസ്റ്റര്‍ കണ്ടെത്തിയ സ്ഥലം. ഗ്രാമവാസികളെ ചോദ്യംചെയ്‌തെങ്കിലും ആരും വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലിസ് പറയുന്നു.

അതേസമയം, സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ദിഗ് വിജയ് സിങ് രംഗത്തെത്തി. ഈ നടപടി പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമല്ലേ, ഈ പ്രവര്‍ത്തി ശിക്ഷാര്‍ഹമായ കുറ്റമല്ലേ, എന്റെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനോടും മധ്യപ്രദേശ് പോലിസിനോടുമാണ്. സമൂഹത്തില്‍ ഇത്തരം വിവേചനവും ശിഥിലീകരണവും ദേശീയതാല്‍പ്പര്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വിവാദപോസ്റ്റര്‍ സഹിതമാണ് അദ്ദേഹം ട്വിറ്ററില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it