India

മുസ്‌ലിം വിരുദ്ധ പരാമര്‍ശം; കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെതിരേ കേസ്

മുസ്‌ലിം വിരുദ്ധ പരാമര്‍ശം; കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെതിരേ കേസ്
X

പട്‌ന: മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയതിന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിനെതിരേ കേസ്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് ബെഗൂസ്‌റായ് പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

'മുസ്‌ലിം സംഘടനകള്‍ പച്ചക്കൊടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണം. പച്ചക്കൊടികള്‍ വിദ്വേഷം പടര്‍ത്തുക മാത്രമല്ല പാക്കിസ്ഥാനോടോപ്പമാണെന്ന ധാരണ ജനങ്ങളില്‍ സൃഷ്ടിക്കും.' എന്ന ഗിരിരാജ് സിങ് നടത്തിയ പ്രസ്താവന മുസ്‌ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് പരാതിക്കാരന്‍ ആരോപിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഐപിസി 125, 153 എ, 295 എ, 171 സി, 188, 298, 505 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ എനിക്കെതിരേ മല്‍സരിക്കുന്നയാള്‍ ഇന്ത്യയെ തകര്‍ക്കാനുള്ള ഒരു സംഘത്തിന്റെ ആളാണെന്നും സിങ് പറഞ്ഞിരുന്നു. തീവ്ര ഹിന്ദുത്വ പരാമര്‍ശങ്ങളുടെ പേരില്‍ മുമ്പും ഗിരിരാജ് സിങ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഈ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തിരുന്നു.


പച്ച പതാകകള്‍ നിരോധിക്കണമെന്ന സിങിന്റെ പ്രസ്താവനക്കെതിരേ ആര്‍ജെഡി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഒരു പ്രത്യയശാസ്ത്രവും ഒരു ചിന്തയും എല്ലാവരെയും നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കാനാവില്ല. കര്‍ഷകരെയും, യുവാക്കളെയും, തൊഴിലാളികളെയും കുറിച്ച് ബിജെപിക്ക് ഒന്നും പറയാന്‍ ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആദ്യ മൂന്ന് ഘട്ടങ്ങളിലായി ഏപ്രില്‍ 11, 18, 23 തിയ്യതികളിലായി ബീഹാറിലെ 40 സീറ്റുകളില്‍ 14 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ബെഗുസരായ് അടക്കമുള്ള മണ്ഡലങ്ങളില്‍ ഏപ്രില്‍ 29 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ശക്തമായ ത്രികോണമല്‍സരത്തിനാണ് മണ്ഡലം സാക്ഷിയാവുന്നത്.

Next Story

RELATED STORIES

Share it