India

ശാഹീന്‍ബാഗ് സമരം: പൊതുറോഡ് അനിശ്ചിതമായി തടയാനാവില്ലെന്ന് സുപ്രിംകോടതി

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിഅ മല്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ കാംപസിനുള്ളില്‍ കയറി പോലിസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് 2019 ഡിസംബര്‍ 15 നു ഷഹീന്‍ ബാഗില്‍ പത്ത് സ്ത്രീകള്‍ ചേര്‍ന്ന് സമരം തുടങ്ങിയത്. പിന്നീട് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ പങ്കാളികളായി.

ശാഹീന്‍ബാഗ് സമരം: പൊതുറോഡ് അനിശ്ചിതമായി തടയാനാവില്ലെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരേയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും ഡല്‍ഹിയിലെ ശാഹീന്‍ബാഗില്‍ നടക്കുന്ന സമരം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി പോലിസിനും നോട്ടീസയച്ചു. പൊതുറോഡില്‍ അനിശ്ചിതകാലത്തേക്ക് പ്രതിഷേധം നടത്താന്‍ കഴിയില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. അതേസമയം, ശാഹീന്‍ബാഗ് സമരക്കാരെ നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

50 ദിവസം കാത്തുനില്‍ക്കാമെങ്കില്‍ ഒരാഴ്ചകൂടി കാത്തിരിക്കാമെന്ന് ഹരജിക്കാരോട് ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയേണ്ടതുണ്ടെന്നും മറുഭാഗത്തേക്കൂടി കേള്‍ക്കാതെ നിര്‍ദേശങ്ങള്‍ നല്‍കാനാവില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അടുത്ത തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.

എന്നാല്‍, അത് പ്രതിഷേധത്തിനായി നിയോഗിക്കപ്പെട്ട സ്ഥലത്തായിരിക്കണം. പ്രതിഷേധം വളരെക്കാലമായി തുടരുകയാണ്. അവര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, ഒരു പൊതുപ്രദേശത്ത് അനിശ്ചിതകാല പ്രതിഷേധമുണ്ടാവാന്‍ പാടില്ല. എല്ലാവരും എല്ലായിടത്തും പ്രതിഷേധിക്കാന്‍ തുടങ്ങിയാല്‍ എന്ത് സംഭവിക്കും. പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാന്‍ പാടില്ലെന്നും ജസ്റ്റിസ് കെ എസ് കൗള്‍ വാക്കാല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി 17നകം മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി നല്‍കിയ ബിജെപി നേതാക്കള്‍ തെരഞ്ഞെടുപ്പായതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും സുപ്രിംകോടതി ഇന്നേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജസ്റ്റിസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിഅ മല്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ കാംപസിനുള്ളില്‍ കയറി പോലിസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് 2019 ഡിസംബര്‍ 15 നു ഷഹീന്‍ ബാഗില്‍ പത്ത് സ്ത്രീകള്‍ ചേര്‍ന്ന് സമരം തുടങ്ങിയത്. പിന്നീട് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ആയിരക്കണക്കിനാളുകള്‍ പങ്കാളികളായി. അതേസമയം, സമരത്തിനെത്തിയ ദമ്പതികളുടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ സുപ്രിംകോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു. കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. സമരത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയുടെ നാലുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

ധീരതയ്ക്കുള്ള പുരസ്‌കാരം നേടിയ 12 വയസ്സുകാരി സെന്‍ ഗുണ്‍രതന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിനയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുഞ്ഞിന്റെ അവകാശം സംരക്ഷിക്കുന്നതില്‍ മാതാപിതാക്കളും ശാഹീന്‍ബാഗ് സമരത്തിന്റെ സംഘാടകരും പരാജയപ്പെട്ടതായി സെന്‍ ഗുണ്‍രതന്‍ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ പറയുന്നു. കുട്ടികളെ സമരങ്ങളില്‍ പങ്കെടുപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.

Next Story

RELATED STORIES

Share it