India

ശമ്പളം നല്‍കിയില്ല; മഹാരാഷ്ട്രയില്‍ പ്രത്യേക കൊവിഡ് ഡ്യൂട്ടിക്ക് പോയ 40 മലയാളി ഡോക്ടര്‍മാര്‍ മടങ്ങുന്നു

ആദ്യം ജൂലൈ അഞ്ചിനകം ശമ്പളം നല്‍കുമെന്നാണ് അറിയിച്ചത്. പിന്നീട് തിയ്യതി പത്തിലേക്കു മാറ്റി. അതിന് ശേഷം ജൂലൈ 13 ലേക്ക് നീട്ടി. എന്നാല്‍, ശമ്പളം ഇതുവരെയും ലഭിച്ചില്ലെന്ന് ഡോ.സന്തോഷ് കുമാര്‍ പറഞ്ഞു.

ശമ്പളം നല്‍കിയില്ല; മഹാരാഷ്ട്രയില്‍ പ്രത്യേക കൊവിഡ് ഡ്യൂട്ടിക്ക് പോയ 40 മലയാളി ഡോക്ടര്‍മാര്‍ മടങ്ങുന്നു
X

മുംബൈ: കേരളത്തില്‍നിന്ന് പ്രത്യേക കൊവിഡ് ഡ്യൂട്ടിക്കായി മഹാരാഷ്ട്രയിലേക്ക് പോയ ഡോക്ടര്‍മാര്‍ക്ക് അവഗണന. ജോലി ചെയ്തിട്ടും ഇതുവരെ ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് 40 മലയാളി ഡോക്ടര്‍മാര്‍ സേവനം മതിയാക്കി മഹാരാഷ്ട്രയില്‍നിന്ന് കേരളത്തിലേക്ക് മടങ്ങുന്നു. 15 ഡോക്ടര്‍മാര്‍ ഇതിനോടകംതന്നെ മടങ്ങിയെന്നും 25 പേര്‍ ഇന്നുതന്നെ മടങ്ങുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷ (ബിഎംസി)ന്റെ അഭ്യര്‍ഥനപ്രകാരമാണ് 40 ഡോക്ടര്‍മാര്‍ മുംബൈയിലെത്തിയത്.

എന്നാല്‍, ഇവര്‍ക്ക് ഇതുവരെയും ശമ്പളം നല്‍കാന്‍ കോര്‍പറേഷന്‍ തയ്യാറായിട്ടില്ല. ഇവര്‍ക്കൊപ്പം പോയ നഴ്‌സുമാര്‍ക്കും ശമ്പളം നല്‍കിയിട്ടില്ലെന്നാണ് പരാതി. ജൂണ്‍ ഒമ്പതിനാണ് 40 ഡോക്ടര്‍മാരും 35 നഴ്‌സുമാരും അടങ്ങുന്ന സംഘം മഹാരാഷ്ട്രയിലെത്തിയത്. നഗരത്തില്‍ കൊവിഡ് ആശുപത്രി സ്ഥാപിക്കുന്നതിനായി ബിഎംസിയെ സഹായിക്കുകയായിരുന്നു ഇവരുടെ ചുമതല. സ്‌പെഷ്യലൈസ്ഡ് ഡോക്ടര്‍മാര്‍ക്ക് രണ്ടുലക്ഷം രൂപയും എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് 80,000 രൂപയും നഴ്‌സുമാര്‍ക്ക് 35,000 രൂപയും യാത്രാചെലവുമാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍, ശമ്പളം നല്‍കുകയോ യാത്രാചെലവുകള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ആദ്യം ജൂലൈ അഞ്ചിനകം ശമ്പളം നല്‍കുമെന്നാണ് അറിയിച്ചത്. പിന്നീട് തിയ്യതി പത്തിലേക്കു മാറ്റി. അതിന് ശേഷം ജൂലൈ 13 ലേക്ക് നീട്ടി. എന്നാല്‍, ശമ്പളം ഇതുവരെയും ലഭിച്ചില്ലെന്ന് ഡോ.സന്തോഷ് കുമാര്‍ പറഞ്ഞു. അതേസമയം, ശമ്പളം അവരുടെ അക്കൗണ്ടില്‍ ഉടനെത്തുമെന്നും ഫയല്‍ നീങ്ങുകയാണെന്നുമാണ് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ ഇപ്പോഴത്തെ വാദം. സെവന്‍ ഹില്‍സ് ആശുപത്രിയില്‍ ജോലിചെയ്യുന്ന മുഴുവന്‍ നഴ്‌സുമാര്‍ക്കും ശമ്പളം നല്‍കിയെന്ന് നഴ്‌സുമാരുടെ സംഘടന യുഎന്‍എ (യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍) ഭാരവാഹി അറിയിച്ചു.

എന്നാല്‍, ബിഎംസി നിയോഗിച്ച നഴ്‌സുമാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് സംഘടന കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സംസ്ഥാനത്തേക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 22ന് അയച്ച കത്തില്‍ ഐസിയു പരിശീലനം ലഭിച്ച നഴ്‌സുമാര്‍ക്ക് പുറമെ അനസ്‌തെറ്റിസ്റ്റുകള്‍, പള്‍മോണോളജിസ്റ്റുകള്‍, ഫിസിഷ്യന്‍മാര്‍ എന്നിവരെ ആവശ്യമുണ്ടെന്നായിരുന്നു ആവശ്യമുന്നയിച്ചിരുന്നത്.

Next Story

RELATED STORIES

Share it