India

പക്ഷിപ്പനി ഭീതി: ജീവനുള്ള പക്ഷികളുടെ ഇറക്കുമതി ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു

പക്ഷിപ്പനിയുടെ വൈറസ് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുവരെ ശേഖരിച്ച 104 സാംപിളുകള്‍ ജലന്തറിലെ ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കും. ലാബ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പക്ഷിപ്പനി ഭീതി: ജീവനുള്ള പക്ഷികളുടെ ഇറക്കുമതി ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു
X

ന്യൂഡല്‍ഹി: രാജ്യത്ത് നിരവധി സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ജീവനുള്ള എല്ലാത്തരം പക്ഷികളുടെയും ഇറക്കുമതി ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട 24 മണിക്കൂര്‍ ഹെല്‍പ് ലൈനും ഡല്‍ഹിയില്‍ സ്ഥാപിച്ചു. ഡല്‍ഹിയില്‍ ഇതുവരെ പക്ഷിപ്പനി റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പക്ഷിപ്പനിയുടെ വൈറസ് ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതുവരെ ശേഖരിച്ച 104 സാംപിളുകള്‍ ജലന്തറിലെ ലാബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കും. ലാബ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി റിപോര്‍ട്ട് ചെയ്തതായി കേന്ദ്രം അറിയിച്ചു.

രോഗപ്രതിരോധത്തിനായി കര്‍മ പദ്ധതി പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ ഈ ആറുസംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷിപ്പനിയെത്തുടര്‍ന്ന് കേരളത്തില്‍ ആയിരക്കണക്കിന് താറാവുകളെയും കോഴികളെയും കൊന്നൊടുക്കിയിരുന്നു. കഴിഞ്ഞ നാലുദിവസങ്ങളിലായി ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ പാര്‍ക്കില്‍ നൂറോളം കാക്കകള്‍ ചത്തതായി റിപോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച് ദ്രുതപ്രതികരണസംഘം അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ ഡല്‍ഹിയിലെ എല്ലാ ജില്ലകളിലും നിരീക്ഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. വെറ്ററിനറി ഡോക്ടര്‍മാരും നിരന്തരം ശ്രദ്ധചെലുത്തുന്നുണ്ട്. ഖാസിപൂര്‍ കോഴിച്ചന്ത 10 ദിവസമായി അടച്ചിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it