India

പക്ഷിപ്പനി: ഡല്‍ഹിയില്‍ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില്‍പ്പന നിരോധിച്ചു

മുട്ട അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളോ കോഴിയിറച്ചി വിഭവങ്ങളോ വിളമ്പിയാല്‍ ഹോട്ടലുകളും ഭക്ഷണശാലകളും കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. പൊതുതാല്‍പര്യത്തിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും അത് ജാഗ്രതയോടെ പാലിക്കണമെന്നും കോര്‍പറേഷന്‍ വെറ്ററിനറി സേവന വകുപ്പ് ചൂണ്ടിക്കാട്ടി.

പക്ഷിപ്പനി: ഡല്‍ഹിയില്‍ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില്‍പ്പന നിരോധിച്ചു
X

ന്യൂഡല്‍ഹി: പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ കോഴിയിറച്ചിയുടെയും മുട്ടയുടെയും വില്‍പ്പന നിരോധിച്ചു. കോഴിയിറച്ചി വില്‍ക്കുന്ന കടകള്‍ക്കും കോഴിയിറച്ചി വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലുകള്‍ക്കുമാണ് നിരോധനം ബാധകമാവുക. നോര്‍ത്ത്, സൗത്ത് ഡല്‍ഹി കോര്‍പറേഷനുകളിലെ പ്രദേശങ്ങളിലാണ് നിരോധന ഉത്തരവിറക്കിയത്. കോഴി വില്‍പ്പനയ്ക്കും സംഭരണത്തിനും നിരോധനമുണ്ട്. ഒപ്പം കടകളോ, ഭക്ഷണശാലകളോ സംസ്‌കരിച്ച മാംസം സുക്ഷിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുട്ട അടിസ്ഥാനമാക്കിയുള്ള വിഭവങ്ങളോ കോഴിയിറച്ചി വിഭവങ്ങളോ വിളമ്പിയാല്‍ ഹോട്ടലുകളും ഭക്ഷണശാലകളും കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. പൊതുതാല്‍പര്യത്തിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും അത് ജാഗ്രതയോടെ പാലിക്കണമെന്നും കോര്‍പറേഷന്‍ വെറ്ററിനറി സേവന വകുപ്പ് ചൂണ്ടിക്കാട്ടി.

ചിക്കനും മുട്ടയും കറിവച്ചു കഴിക്കുന്നവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇവയുടെ വില്‍പന നിരോധിച്ചുകൊണ്ടുള്ള തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവ്. നേരത്തെ കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ ഫേസ് ത്രീയിലും സഞ്ജയ് തേടാകത്തിലും കാക്കകളും താറാവും കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനിയെത്തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ജീവനുള്ള പക്ഷികളുടെ ഇറക്കുമതി ഡല്‍ഹി സര്‍ക്കാര്‍ നേരത്തെ നിരോധിച്ചിരുന്നു. കൂടാതെ നഗരത്തിന് പുറത്തുനിന്ന് കൊണ്ടുവന്ന സംസ്‌കരിച്ചതും പാക്കേജുചെയ്തതുമായ ചിക്കന്‍ വില്‍പ്പനയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. ഡല്‍ഹി സര്‍ക്കാരിന്റെ മൃഗസംരക്ഷണ യൂനിറ്റിന്റെ ഹെല്‍പ്പ് ലൈനില്‍ 50 ഓളം പക്ഷികള്‍ ചത്തതായി റിപോര്‍ട്ട് ലഭിച്ചതായും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 18 സാംപിളുകള്‍ ചൊവ്വാഴ്ച പരിശോധനയ്ക്കായി അയച്ചതായും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it